മാപുട്ടോ: മൊസാംബിക്കിൽ ഭീകരപ്രവർത്തകയെന്ന് സംശയിച്ച് സ്ത്രീയെ പൂർണനഗ്നയാക്കി മർദ്ദിച്ച ശേഷം വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംനസ്റ്റി അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായെത്തി.
സൈനിക വേഷമണിഞ്ഞ യുവാക്കൾ സ്ത്രീയുടെ പുറകിലൂടെ വന്ന് അലറുന്നതും വടികൊണ്ട് അടിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനുശേഷമാണ് വെടിവച്ചത്. നിലത്തുവീണ സ്ത്രീക്കുനേരെ മറ്റുള്ളവരും നിരവധി തവണ വെടിവച്ചു.
ഭീകര സംഘടനയായ 'അൽ-ഷബാബി'ൽ ഉൾപ്പെട്ടയാളാണെന്ന് ആക്രോശിച്ചാണ് വെടിയുതിർത്തത്. സംഭവത്തെ അപലപിച്ച മൊസാംബിക്ക് പ്രതിരോധ മന്ത്രാലയം, വീഡിയോയുടെ ആധികാരികത പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരമായ പ്രവർത്തനങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. സുരക്ഷ സേനാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൽ-ഷബാബുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബന്ദികളെ സൈനികർ അധിക്ഷേപിക്കുന്ന നിരവധി വീഡിയോകൾ മേയിൽ ആംനെസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങൾ അരങ്ങേറുന്ന വടക്കൻ കാബോ ഡെൽഗഡോ മേഖലയിൽ മൊസാംബിക്കൻ സുരക്ഷാസേന സംശയം തോന്നുന്നവരെ പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, സൈനികരെപ്പോലെ ആൾമാറാട്ടം നടത്തുന്ന ജിഹാദികളാണ് അക്രമം നടത്തിയതെന്നാണ് സർക്കാർ വാദം.
തീവ്രവാദ സംഘടനയായ അൽ ഖാഇദയുടെ ആഫ്രിക്കയിലെ ശാഖയായാണ് അൽ ഷബാബ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതികളിലൊന്നായ മൊസാംബിക്കിലെ കാബോ ഡെൽഗഡോയിൽ ഇവർക്ക് ഏറെ സ്വാധീനമുണ്ട്. ഇവർക്കെതിരെ സൈന്യം കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |