ജനീവ:ലോകമെമ്പാടുമുള്ള വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട സഭയുടെ വനിതാ കമ്മിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ അംഗമായി. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള കമ്മിഷൻ ഓൺ സ്റ്റാറ്റസ് ഒഫ് വുമൺ എന്ന സമിതിയിലാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ വലിയ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെെട്ടത്.
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം പുകയുന്നതിനിടെ നടന്ന തിരഞ്ഞെടുപ്പിൽ ചൈനയ്‌ക്ക് പകുതിവോട്ട് പോലും നേടാനായില്ല.
54അംഗ കമ്മിഷനിൽ ഏഷ്യാ പസിഫിക് മേഖലയിലെ രണ്ട് സീറ്റിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളാണ് മത്സരിച്ചത്. യു. എൻ പൊതുസഭയിലെ 192 അംഗങ്ങളിൽ 184 പേരുടെ വോട്ടും ഇന്ത്യ നേടി. അഫ്ഗാനിസ്ഥാനും ജയിച്ചു.
2021 മുതൽ 2025 വരെയുളള നാല് വർഷത്തേക്കാണ് ഇന്ത്യയ്‌ക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്.
ജൂണിൽ യു.എൻ രക്ഷാസമിതിയിലെ താത്കാലിക അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വോട്ടെടുപ്പിൽ ഇന്ത്യ ജയിച്ചതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ട്വീറ്റ് ചെയ്തു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |