*മണ്ഡപം വേണമെന്ന ഗുരുഭക്തരുടെ ആവശ്യം സർക്കാർ തള്ളി
തിരുവനന്തപുരം :വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി തലസ്ഥാനത്ത് സർക്കാർ ആഭിമുഖ്യത്തിൽ , ശ്രീനാരായണ ഗുരുദേവന്റെ എട്ടടി ഉയരമുള്ള പൂർണകായ വെങ്കലപ്രതിമ സ്ഥാപിക്കുന്നത് പത്തടി ഉയരമുള്ള ഗ്രാനൈറ്റ് പീഠത്തിൽ.
പ്രതിമ പ്രത്യേക മണ്ഡപത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ തള്ളിയതിൽ ഗുരുഭക്തർക്ക് നിരാശ.
സാംസ്കാരിക വകുപ്പിന്റെ ചുമതലയിൽ 1.19 കോടി രൂപ ചെലവഴിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് ജലഅതോറിറ്റി വക 20സെന്റ് ഭൂമിയിലാണ് ഉദ്യാനവും ചുമർ ശില്പങ്ങളുമായി ഗുരുപ്രതിമ സ്ഥാപിക്കുന്നത്. ഇതിന് മറയോ മണ്ഡപമോ മറ്റ് സംരക്ഷണസംവിധാനങ്ങളോ ഇല്ല. ഗുരുദേവ സമാധിദിനമായ 21 ന് അനാച്ഛാദനം ചെയ്യാനാണ് തീരുമാനം. നഗരത്തിൽ സ്വാമി വിവേകാനന്ദന്റെ 9.5 അടി ഉയരമുള്ള വെങ്കല പ്രതിമ കവടിയാറിൽ സർക്കാർ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്നത് മനോഹരമായ കൽമണ്ഡപത്തിലാണ്. ദൈവ പുരുഷനായ ഗുരുദേവനും അതേ പരിഗണന നൽകണമെന്നാണ് ഭക്തരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ചെമ്പഴന്തി ശ്രീനാരായണഗുരുകുലം ഒൗദ്യോഗികമായി സാംസ്കാരികവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നതാണ്. ഒരു സമൂഹം ദൈവമായി ആരാധിക്കുന്ന ഗുരുവിന്റെ പ്രതിമ കാറ്റും മഴയും കൊണ്ട് വികൃതവും, പക്ഷികളും മറ്റും കാഷ്ഠിച്ച് മലിനവുമാവുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഗുരുഭക്തരുടെ ആഗ്രഹം.
പീഠം മതിയെന്ന് ശില്പി
പറഞ്ഞു: ഡയറക്ടർ
കവചിതമായ മണ്ഡപത്തിനുള്ളിൽ ഗുരുവിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത് അഭംഗിയാകുമെന്ന ശില്പിയുടെ നിർദ്ദേശത്തെ തുടർന്നാണ് മണ്ഡപം ഒഴിവാക്കിയതെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ.ടി.ആർ.സദാശിവൻ നായർ പറഞ്ഞു.
പ്രതിമ സഞ്ചാരികൾക്ക് ദൃശ്യമാകാനും പാർക്കിന്റെയും പ്രതിമയുടെയും മനോഹാരിതയ്‌ക്കും പീഠത്തിൽ സ്ഥാപിക്കുന്നതാണ് നല്ലത്. ഇതോടൊപ്പം തയ്യാറാക്കുന്ന ഉദ്യാനവും ചുറ്റുമതിലിൽ സ്ഥാപിക്കുന്ന ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25 ലധികം ചുമർ ശില്പങ്ങളും ഗുരുവിന്റെ ദൈവീകതയും പാവനതയും പ്രോജ്വലിപ്പിക്കുന്ന വിധത്തിലാണ് തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമയ്‌ക്ക് ചുറ്റും പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടവും ഒരുക്കുന്നുണ്ട് . ശില്പി ഉണ്ണി കാനായിയാണ് എട്ട് ക്വിന്റൽ ഭാരമുള്ള പ്രതിമ രണ്ടര വർഷമെടുത്ത് നിർമ്മിച്ചത്. ലോക്ക്ഡൗൺ കാരണം പാർക്കിന്റെ നിർമ്മാണം നീണ്ടുപോയതിനാൽ പ്രതിമ സ്ഥാപിച്ചതിന് ശേഷമാവും, ഉദ്യാനത്തിന്റെയും ചുറ്റുമതിലിന്റെയും പണികൾ പൂർത്തീകരിക്കുന്നത്. പീഠത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് പയ്യന്നൂരിൽ നിന്ന് പ്രതിമ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |