ഒന്നാം ജയം (1970)
1970 സെപ്‌തംബർ 17ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ കന്നിയങ്കം. ചിഹ്നം തെങ്ങ്.
വാശിയേറിയ ത്രികോണ മത്സരം. മുമ്പ് രണ്ട് തവണ ജയിച്ചിട്ടുള്ള സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ ഇ.എം. ജോർജ് മുഖ്യ എതിരാളി. 7,288 വോട്ടുകൾക്ക് ഉമ്മൻചാണ്ടി ജയിച്ചു. 1970 ഒക്ടോബർ നാല് മുതൽ നിയമസഭാംഗം.
ഉമ്മൻചാണ്ടിക്ക് അന്ന് പ്രായം 27. മുപ്പതുവയസിൽ താഴെയുള്ള അഞ്ച് യൂത്ത് കോൺഗ്രസുകാർ അന്ന് നിയമസഭയിലെത്തി. എ.കെ. ആന്റണി, എൻ.രാമകൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ, എ.സി ഷൺമുഖദാസ്.
രണ്ടാം ജയം (1977)
അടിയന്തരാവസ്ഥ കാരണം 1975 സെപ്‌തംബറിൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 1977 മാർച്ച് 19ന്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ രണ്ടാമൂഴം. ജയം 15,910 വോട്ടിന്. ജനതാ പാർട്ടയിലെ പി.സി ചെറിയാൻ എതിർസ്ഥാനാർത്ഥി.
111 സീറ്റ് എന്ന സർവകാല റെക്കാഡ് നേടിയ യു.ഡി.എഫ് കെ. കരുണാകരന്റെ നേതൃത്വത്തിൽ മാർച്ച് 25ന് അധികാരത്തിലേറി. അതിൽ ഉമ്മൻ ചാണ്ടി 33 ാം വയസിൽ തൊഴിൽവകുപ്പ് മന്ത്രിയായി. രാജൻ കേസിലെ കോടതിവിധിയെ തുടർന്ന്, ഒരു മാസം കഴിഞ്ഞപ്പോൾ ഏപ്രിൽ 25ന് കരുണാകരൻ മന്ത്രിസഭ രാജിവച്ചു. എ.കെ ആന്റണി 36 - ാം വയസിൽ മുഖ്യമന്ത്രിയായി. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിമാർ തുടർന്നു.
മൂന്നാം ജയം (1980)
- കോൺഗ്രസിലെ അഖിലേന്ത്യാ പിളർപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അദ്ധ്യക്ഷനായ കോൺഗ്രസിന്റെ ഭാഗമായി. കോൺഗ്രസ് -യു ഉൾപ്പെട്ട ഇടതുമുന്നണിയിൽ നിന്ന് മത്സരിച്ച് ഉമ്മൻചാണ്ടി ജയിച്ചത് 13,659 വോട്ടിന്. എൻ.ഡി.പിയിലെ എം.ആർ.ജി പണിക്കർ എതിരാളി. 16 മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ് - യു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് കോൺഗ്രസ് - എ രൂപീകരിച്ച് ഉമ്മൻ ചാണ്ടി എ വിഭാഗത്തിന്റെ പാർലമെന്ററി പാർട്ടി നേതാവായി.
കോൺഗ്രസ് - എ ഉൾപ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ. കരുണാകരന്റെ നേതൃത്വത്തിൽ 1981 ഡിസം 28ന് പുതിയ മന്ത്രിസഭ. ഉമ്മൻചാണ്ടി ആഭ്യന്തരമന്ത്രി.
നാലാം ജയം (1982)
സ്വതന്ത്രസ്ഥാനാർത്ഥി തോമസ് രാജൻ എതിരാളി. ഉമ്മൻ ചാണ്ടിയുടെ ജയം 15,983 വോട്ടിന്. 1982 ഡിസംബർ 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്ന മഹാസമ്മേളനത്തിൽ രണ്ടു കോൺഗ്രസുകളും ലയിച്ചു. കെ. കരുണാകരൻ നിയമസഭാ കക്ഷിനേതാവും ഉമ്മൻചാണ്ടി ഉപനേതാവും.
അഞ്ചാംജയം (1987)
സി.പി.എമ്മിലെ വി.എൻ. വാസവനെതിരെ 9,164 വോട്ടിനു ജയം.
ആറാം ജയം (1991)
സി.പി.എമ്മിലെ വി.എൻ. വാസവൻ രണ്ടാംതവണയും എതിരാളി. 13,811 വോട്ടിന് ഉമ്മൻചാണ്ടിയുടെ ജയം. 1991 ജൂൺ 24ന് കെ. കരുണാകരൻ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി ധനമന്ത്രിയുമായി.
ഏഴാം ജയം (1996)
സി.പി.എമ്മിലെ റെജി സഖറിയയ്‌ക്കെതിരെ 10,155 വോട്ടിനു ജയം.
എട്ടാം ജയം (2001)
അപ്രതീക്ഷിത എതിരാളി ഇടതുസ്വതന്ത്ര വേഷത്തിൽ ചെറിയാൻ ഫിലിപ്പ്. ഉമ്മൻചാണ്ടിയുടെ ജയം 12,575 വോട്ടിന്. എ.കെ. ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രി. ഉമ്മൻചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി. കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയുമായിരുന്ന കെ. മുരളീധരൻ തത്‌സ്ഥാനങ്ങൾ രാജിവച്ച് വൈദ്യുതിമന്ത്രിയായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി ഒഴികെ 19 സീറ്റിലും യു.ഡി.എഫ് തോറ്റു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ ആന്റണി രാജിവച്ചു. ഉമ്മൻചാണ്ടി 2004 ഓഗസ്‌റ്റ് 31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി. അതിവേഗം, ബഹുദൂരം മുഖ്യമുദ്രാവാക്യമാകുന്നത് അപ്പോൾ.
ഒൻപതാം ജയം (2006)
സി.പി.എമ്മിലെ സിന്ധു ജോയി മുഖ്യഎതിരാളി. ഉമ്മൻ ചാണ്ടിയുടെ ജയം 19,863 വോട്ടിന്.
പത്താം ജയം (2011)
സി.പി.എമ്മിലെ സുജ സൂസൻ ജോർജ് എതിർസ്ഥാനാർത്ഥി. 33,255 എന്ന പടുകൂറ്റൻ ഭൂരിപക്ഷം നേടി ഉമ്മൻചാണ്ടിയുടെ ജയം. കേരളം ശ്വാസമടക്കി നിന്ന വോട്ടെണ്ണലിലൂടെയാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയത് 72: 68.
2011 മേയ് 18ന് ഉമ്മൻചാണ്ടി രണ്ടാംതവണ മുഖ്യമന്ത്രിയായി.
വികസനവും കരുതലും മുഖ്യമുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനമെങ്കിലും പിന്നീട് വിവാദമഴ. സോളാർ, ബാർകോഴ ആരോപണങ്ങൾ സർക്കാരിനെ ക്ഷീണിപ്പിച്ചു.
11-ാം ജയം (2016)
എസ്.എഫ്.ഐ നേതാവ് ജയ്‌ക് സി.തോമസ് എതിരാളി. ഉമ്മൻ ചാണ്ടിയുടെ ജയം 27,092 വോട്ടിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |