തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ രൂപീകരണവുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഇന്ന് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തിയേക്കും. ഇതുസംബന്ധിച്ച ഫയൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കായി കൈമാറി.
ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് ഗവർണർ ഒപ്പിട്ട് നൽകുന്നതോടെയാകും നിലവിൽ വരിക. ഓർഡിനൻസ് പുറത്തിറങ്ങിയാലുടൻ സർവകലാശാലാ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, പരീക്ഷാ കൺട്രോളർ അടക്കമുള്ള സുപ്രധാന തസ്തികകളിലേക്ക് നിയമനം നടത്തും.
കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ കൊല്ലം ആസ്ഥാനമായുള്ള സർവകലാശാലയുടെ ഭാഗമാകും. 17 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളുമാകും ആദ്യഘട്ടത്തിൽ. ഓപ്പൺ സർവകലാശാലയുടെ സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാലകളെക്കൊണ്ട് അംഗീകരിപ്പിക്കാനും നടപടിയെടുക്കും. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ജീവനക്കാരാകും ഓപ്പൺ സർവകലാശാലയുടെ ഭാഗമാവുക. ഇതിന് ചട്ടഭേദഗതി വേണ്ടിവരും.
സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട എ. കൗശിഗൻ സമിതിയുടെ റിപ്പോർട്ടും മന്ത്രിസഭയുടെ മുന്നിലെത്തിയേക്കും. ആയിരത്തിലേറെ പേജുകളുള്ള റിപ്പോർട്ട് സമിതി മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഇന്ന് രാവിലെ പത്തിനാണ് മന്ത്രിസഭായോഗം ഓൺലൈനായി ചേരുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |