തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മിഷൻ ഇടപാടിൽ തന്റെ മകൾക്കെതിരെ ആരോപണമുന്നയിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വികാരവിക്ഷുബ്ധനായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ. സുരേന്ദ്രന്റെ മാനസികനില തെറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, തന്റെ അഴിമതിവിരുദ്ധ പാരമ്പര്യവും ഓർമ്മിപ്പിച്ചു.
സുരേന്ദ്രന്റെ ആരോപണം വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോൾ, മറുപടി പറയാതിരുന്നാൽ അതൊരു വാർത്തയാവില്ലേ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. ഒരു നിമിഷം നിറുത്തി,മറുപടി പറയാനില്ലെന്ന തോന്നലുണർത്തിയ ശേഷമാണ് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. 'അത്ര മാനസികാവസ്ഥ തെറ്റിപ്പോയയാളെ അദ്ധ്യക്ഷനാക്കിയല്ലോയെന്ന് അവരുടെ പാർട്ടി ആലോചിക്കേണ്ടതാണ്. സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ഒരാൾ, എന്തും വിളിച്ചുപറയുന്ന ഒരാൾ, അയാൾക്ക് ഒരു ദിവസം രാത്രിയിൽ എന്തെല്ലാമോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുമ്പോൾ അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അതിങ്ങനെ പറയേണ്ടതല്ലെന്ന് മാത്രം. സുരേന്ദ്രനല്ല പിണറായി വിജയൻ. അതോർത്തു കൊള്ളണം'.
മാദ്ധ്യമങ്ങൾ
മെഗാഫോണാവരുത്
'ഒരു സംസ്ഥാന പാർട്ടിയുടെ അദ്ധ്യക്ഷൻ ഒരടിസ്ഥാനവുമില്ലാതെ ഓരോന്ന് വിളിച്ചുപറയുകയാണ്. രാഷ്ട്രീയത്തിൽ പാലിക്കേണ്ട മാന്യത പാലിക്കണം. മാദ്ധ്യമങ്ങൾ അത് മനസ്സിലാക്കുന്നതിന് പകരം അതിന്റെ മെഗാഫോണായി നിൽക്കുന്നു. ശുദ്ധ അപവാദം വിളിച്ചുപറയുമ്പോൾ, അതിനെ അങ്ങനെ കാണാൻ സമൂഹത്തിന് കഴിയണം. അനാവശ്യകാര്യം വിവാദമാക്കുമ്പോൾ അതിന്റെ ഭാഗമായി എന്തിന് മാദ്ധ്യമങ്ങൾ മാറണം? എന്തെങ്കിലും വിളിച്ചുപറഞ്ഞാലത് ഗൗരവതരമായ ആരോപണമാകുമോ? . അഴിമതി തീണ്ടാത്ത സർക്കാരെന്നത് എതിരാളികൾക്ക് വിഷമമുണ്ടാക്കുന്നതാണ്. അഴിമതിയുടെ കൂടാരമാണെന്ന് വരുത്തിത്തീർക്കണം. ഓരോരുത്തരുടെയും നില വച്ച് മറ്റുള്ളവരെ അളക്കരുത്.മുഖ്യമന്ത്രി കൊള്ളരുതാത്തവനെന്നും, മുഖ്യമന്ത്രിയുടെ കുടുംബം അഴിമതിയുടെ പര്യായമെന്നും വരുത്താനുള്ള ഹീനശ്രമമാണ് . അതുകൊണ്ട് ഞാൻ അഴിമതിക്കാരനാകുമോ? മകനും മകളും കുടുംബവും അഴിമതിക്കാരാകുമോ?'- മുഖ്യമന്ത്രി ചോദിച്ചു.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമോ, രാഷ്ട്രീയമായി നേരിടുമോയെന്ന ചോദ്യത്തിന്, അക്കാര്യം പിന്നാലെ പറയാമെന്നായിരുന്നു മറുപടി.
ഞങ്ങളുടെ
ശീലം അതാണ്
'ഒരു വലിയ കോഴയുമായി ഒരാൾ വന്നാലെന്ത് ചെയ്യുമെന്ന് മുമ്പൊരു മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എന്നോട് ചോദിച്ചു. വരട്ടെ, അപ്പോൾ മനസ്സിലാകുമെന്ന് മറുപടി പറഞ്ഞു. അതൊക്കെ പറയാനുള്ള ത്രാണിയോടെയാണ് ഇതേ വരെയുള്ള പൊതുജീവിതം ഞാനും ഞങ്ങളൊക്കെയും നയിച്ചിട്ടുള്ളത്- ദശാബ്ദങ്ങൾക്ക് മുമ്പ് താൻ കണ്ണൂർ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായിരിക്കെ, ഒരുദ്യോഗാർത്ഥിയുടെ നിയമനത്തിന് അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ ഭാഗമായി ഇന്റർവ്യൂ ബോർഡിലെത്തിയ പ്രതിനിധി ശ്രമിച്ച കാര്യം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളൊക്കെ വന്ന ശീലം കാണിക്കാനാണിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |