കോട്ടയം: അച്ചാമ്മ, കുഞ്ഞൂഞ്ഞിന്റെ ഒരേയൊരു ചേച്ചി. പക്ഷേ ചേച്ചിയെ അമ്മാമ്മയെന്നാണ് ഉമ്മൻചാണ്ടി വിളിക്കുന്നത്. തന്നെക്കാൾ രണ്ട് വയസ് കൂടുതലുള്ള അച്ചാമ്മയോട് അമ്മയോടുള്ള അടുപ്പമാണ് കുഞ്ഞൂഞ്ഞിനുള്ളത്. കുഞ്ഞൂഞ്ഞും അനിയനും അച്ചാമ്മയും തമ്മിൽ രണ്ട് വീതം വയസിന്റെ വ്യത്യാസം.
വെള്ളത്തിൽ മുങ്ങിപ്പോയ കുട്ടിക്കാലമുണ്ട് അച്ചാമ്മയ്‌ക്കും അനുജൻമാർക്കും. കുമരകത്തെ അമ്മവീട്ടിലെത്തിയപ്പോൾ വള്ളം കാണാൻ പോയ കഥ അച്ചാമ്മ ഓർത്തെടുത്തു. അമ്മാമ്മയെ അനിയൻമാർ ഒറ്റയ്‌ക്കെങ്ങും വിടില്ല. അങ്ങനെ അട്ടിപ്പീടികയിലെ തോട്ടിൽ വള്ളം കാണാനായി മൂവരും ആരുംകാണാതെ മുങ്ങി. തോട്ടിലിറങ്ങിയപ്പോൾ കാൽതെറ്റി. മുങ്ങിത്തുടങ്ങുമ്പോൾ അമ്മാച്ചൻമാർ ഓടിയെത്തി പൊക്കിയെടുത്തു. എല്ലാം ഇന്നലെ നടന്നതുപോലെ ഓർക്കുന്നു. അന്ന് തോട്ടിൽ ഞങ്ങൾ മുങ്ങിപ്പോയിരുന്നെങ്കിലോ...! ഹോ ഓർക്കാൻ പോലും വയ്യ.- അച്ചാമ്മ പറയുന്നു.
'കുഞ്ഞൂഞ്ഞ് കുഞ്ഞിലേ പാവമായിരുന്നു. ആരോടും ഒന്നുംപറയില്ല. ഞാൻ വഴക്കുപറയേണ്ട ഒരു സാഹചര്യവുമുണ്ടായിട്ടില്ല. അവര് രണ്ട് പേരും സൈക്കിളിലായിരുന്നു സവാരി. എനിക്ക് പേടിയായിരുന്നതിനാൽ കയറില്ല. കുഞ്ഞൂഞ്ഞിനെപ്പറ്റി ഓരോരുത്തർ കുറ്റം പറയുമ്പോൾ സത്യം പറഞ്ഞാൽ സങ്കടംവരും. ഒരു തവണ ഞാൻ പറഞ്ഞു, എന്തിനാ ഇതൊക്കെ കേൾക്കുന്നത്. രാഷ്ട്രീയം നിറുത്തി വക്കീൽ പണിക്ക് പൊയ്‌ക്കൂടേയെന്ന്'', അനുജനോടുള്ള വാത്സല്യമുള്ള ആ വാക്കുകൾ തുടർന്നു.
പാവങ്ങളൊക്കെ അച്ചാമ്മയുടെ അരികിൽ വരും. കുഞ്ഞൂഞ്ഞിനോട് പറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയാണ് ലക്ഷ്യം. കുഞ്ഞൂഞ്ഞിന്റെ അരികിൽ ശുപാർശയുടെ ആവശ്യമില്ലെന്നാണ് അവർക്ക് അച്ചാമ്മ നൽകുന്ന മറുപടി. പുതുപ്പള്ളിക്കാരൻ പി.ജെ. മാത്യുവിന്റെ കൈപിടിച്ച് താൻ കരോട്ട് വള്ളക്കാലിലെ വീട് വിട്ടിറങ്ങുമ്പോൾ കുഞ്ഞൂഞ്ഞിന് വലിയ സങ്കടമായിരുന്നെന്ന് അച്ചാമ്മ ഓർക്കുന്നു.
കല്യാണമേ വേണ്ടെന്ന് പറഞ്ഞുനടന്ന കുഞ്ഞൂഞ്ഞുമായി പെണ്ണുകാണാൻ പോയതും അച്ചാമ്മ മറന്നിട്ടില്ല. ഞായറാഴ്ചകളിൽ ഇന്നും അച്ചാമ്മയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തും. അഞ്ച് മിനിറ്റ് പോലും ഒറ്റയ്‌ക്ക് കിട്ടില്ല. അതിൽ അച്ചാമ്മയ്ക്ക് സങ്കടവുമില്ല. പക്ഷേ, സമയത്തിന് ആഹാരം കഴിക്കാത്തതിൽ പരിഭവമുണ്ട്. അത് ഇടയ്‌ക്കിടയ്ക്ക് പറയുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |