തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന മഞ്ചേശ്വരം എം.എൽ.എ.എം.സി. ഖമറുദ്ദീന്റെ എടച്ചാക്കൈയിലുള്ള വസതിയിലേക്ക് ബി.ജെ.പി.പ്രവർത്തകർ മാർച്ച് നടത്തി.തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് എടച്ചാക്കൈ എൽ.പി.സ്കൂളിന് സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു.
ബാരിക്കേഡ് തകർത്ത ബി.ജെ.പി. പ്രവർത്തകരെ ഡിവൈ.എസ്.പി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. മാർച്ച്ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ്, ജില്ലാ സെക്രട്ടറി വിജയ് കുമാർ റൈ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മനു ലാൽ മേലത്ത് സ്വാഗതവും തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ് നന്ദിയും പറഞ്ഞു.
ലീഗ് നേതാക്കളെ സി.പി.എം സംരക്ഷിക്കുന്നു:അഡ്വ. കെ. ശ്രീകാന്ത്
തൃക്കരിപ്പൂർ: ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിലെ എം.സി.ഖമറുദ്ദീൻ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളെ സംരക്ഷിക്കാൻ മധ്യസ്ഥരായി സി.പി.എം നേതാക്കൾ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി.കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. എടച്ചാക്കൈയിലെ ഖമറുദ്ദീന്റെ വസതിയിലേക്ക് ബി.ജെ.പി. നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖമറുദ്ദീൻ ഉൾപ്പെടെയുള്ള ജില്ലയിലെ ലീഗ് നേതാക്കളുടെ വീടുകളിൽ സി.പി.എം.നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ആളിന്റെ മധ്യസ്ഥതയിൽ തട്ടിപ്പിനിരയായവരെ എത്തിച്ച് ചർച്ചകൾ നടന്നുവരികയാണ്. തന്നെ തിരഞ്ഞെടുത്ത മഞ്ചേശ്വരത്തെ ജനങ്ങളെയൊന്നാകെ അപമാനിതരാക്കിയ ഖമറുദ്ദീൻ ഉടൻ നിയമസഭാംഗത്വം രാജിവക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
എൽ.ഡി.എഫിന്റെ ജനകീയ വിചാരണ
തൃക്കരിപ്പൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തൃക്കരിപ്പൂരിൽ ജനകീയ വിചാരണ നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ജെ.ഡി ജില്ലാ സെക്രട്ടറി വി.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി പി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി പ്രതിനിധികളായ ഇ. നാരായണൻ, എം.കെ ഹാജി , കെ.വി ജനാർദ്ദനൻ, കെ.വി ഗോപാലൻ എന്നിവർ സംസാരിച്ചു. എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പി. കുഞ്ഞമ്പു, പി.പി നാരായണൻ, ടി.വി ബാലകൃഷ്ണൻ, ടി.വി കുഞ്ഞികൃഷ്ണൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എൻ. സുകുമാരൻ, എം.വി രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |