തിരുവനന്തപുരം: വിദൂര, പ്രൈവറ്റ് പഠനം പൂർണമായി നിറുത്തലാക്കാതെ, ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയെ അട്ടിമറിക്കാനുള്ള നീക്കം സർക്കാർ തടഞ്ഞു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.
ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറങ്ങുന്നതോടെ, കേരളത്തിലെ മറ്റൊരു സർവകലാശാലയ്ക്കും വിദൂരവിദ്യാഭ്യാസത്തിനും പ്രൈവറ്റ് രജിസ്ട്രേഷനുമുള്ള അവസരമില്ലാതാകും. യു.ജി.സി അംഗീകരിച്ചാൽ പോലും സാധിക്കില്ല.
വിദൂര, പ്രൈവറ്റ് പഠനം പൂർണമായി മാറ്റാതെ, ശ്രീനാരായണ സർവകലാശാലയുടെ പ്രസക്തി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി കഴിഞ്ഞ 11ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോഴ്സുകളുടെ നടത്തിപ്പിന് യു.ജി.സി യോഗ്യതാഇളവ് അനുവദിച്ചതിനാൽ വിദൂരപഠനം തുടരാൻ അനുവദിക്കണമെന്നാണ് സിൻഡിക്കേറ്റംഗങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. നാക് ഗ്രേഡിംഗ് 3.25 സ്‌കോറിന് മുകളിലുള്ള എ-പ്ലസ് സർവകലാശാലകൾക്കേ വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്താനാവുമായിരുന്നുള്ളൂ. യോഗ്യതയില്ലാത്തതിനാൽ കേരളത്തിലെ സർവകലാശാലകൾക്ക് 2018മുതൽ രണ്ടുവർഷത്തേക്ക് താത്കാലിക അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. ഓപ്പൺ സർവകലാശാലയ്ക്ക് ഈ വ്യവസ്ഥ ബാധകമല്ലാത്തതിനാലാണ് സർക്കാർ പുതിയ സർവകലാശാല പ്രഖ്യാപിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ 3.01സ്കോറോടെ എ ഗ്രേഡുള്ള സർവകലാശാലകൾക്ക് ഓപ്പൺ, വിദൂര കോഴ്സുകൾ നടത്താൻ യു.ജി.സി ഒരുവർഷത്തേക്ക് നൽകിയ അനുമതിയുടെ മറവിലായിരുന്നു അട്ടിമറിനീക്കം. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളെ വിദൂര, ഓപ്പൺ കോഴ്സുകൾ നടത്താൻ അനുവദിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കത്തയയ്ക്കുകയും ചെയ്തു. സർവകലാശാലകൾക്ക് വരുമാനനഷ്ടമുണ്ടാകുമെന്ന വാദമുയർത്തിയാണ് കോഴ്സുകൾ നിലനിറുത്താൻ സിൻഡിക്കേറ്റംഗങ്ങൾ ശ്രമിച്ചത്.
മാതൃകയായി കർണാടകം
കഴിഞ്ഞ ഡിസംബർ മുതൽ മറ്റ് സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം കർണാടക സർക്കാർ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റി. മറ്റ് സർവകലാശാലകളിലെ അദ്ധ്യാപകരും സൗകര്യങ്ങളും പഠനവിഭാഗവും ഓപ്പൺസർവകലാശാലയ്ക്ക് കീഴിലായി.
ശാശ്വതപരിഹാരം
3.25സ്‌കോറിന് മുകളിലുള്ള എ-പ്ലസ് നാക് ഗ്രേഡിംഗ് നേടിയെടുക്കുക പ്രയാസമാണ്. കേരളയ്ക്ക്-3.03, കാലിക്കറ്റിന്-3.13, എം.ജിക്ക്-3.24 സ്കോറുകളോടെ എഗ്രേഡാണുള്ളത്. കൊവിഡ് കാരണമാണ് ഇക്കൊല്ലത്തെ ഇളവ്. അടുത്തവർഷം മുതൽ ഇളവുണ്ടാവില്ലെന്ന് യു.ജി.സി അറിയിച്ചിട്ടുണ്ട്. അതിനാൽ വിദൂര, പ്രൈവറ്റ് കോഴ്സുകൾ ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റുന്നതാണ് ശാശ്വതപരിഹാരം.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല നിലവിൽ വരുന്നതോടെ, മറ്റൊരിടത്തും വിദൂര, പ്രൈവറ്റ് പഠനമുണ്ടാവില്ല. എല്ലാ വിദൂരപഠനകേന്ദ്രങ്ങളും ഫാക്വൽറ്റിയും ഇതിന് കീഴിലാവും.
-ഡോ.ഉഷാടൈറ്റസ്
പ്രിൻസിപ്പൽ സെക്രട്ടറി
ഉന്നതവിദ്യാഭ്യാസവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |