തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും താനും തമ്മിൽ വ്യക്തിപരവും സംഘടനാപരവുമായ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള ചാനൽ വാർത്തയ്ക്ക് വസ്തുതയുമായി ഒരു ബന്ധവുമില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
പൊതുപ്രവർത്തകർക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടുന്നതും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമായ വ്യാജവാർത്താ പ്രചരണം പരിധി വിട്ട് പോവുകയാണ്. ആ കൂട്ടത്തിലൊന്നാണ് ഈ ചാനൽ വാർത്ത. വാർത്തയെ നിയമപരമായി നേരിടും. എൽ.ഡി.എഫ് സർക്കാരിനെയും സി.പി.എമ്മിനെയും മോശമായി ചിത്രീകരിക്കാനുള്ള സൃഷ്ടിയാണിത്. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവർത്തിക്കുന്നവരാണ് സി.പി.എം നേതാക്കളും പ്രവർത്തകരും.തല മാറ്റി വച്ച് കൃത്രിമചിത്രമുണ്ടാക്കി പാർട്ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാൻ ശ്രമിച്ച അതേ ദുഷ്ടലാക്കാണ് ഈ വാർത്താ നിർമ്മിതിക്കും.
കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് അസംബന്ധങ്ങൾ വാർത്തയെന്ന പേരിൽ അവതരിപ്പിക്കരുത്.
ഭാവനയിൽ കണ്ടെത്തിയത് വാർത്തയെന്ന രൂപത്തിൽ പ്രചരിപ്പിക്കുന്നത് മാദ്ധ്യമ മര്യാദയുടെ ലംഘനമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വ്യാജവാർത്ത അടിയന്തരമായി പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |