പഞ്ചാബ് പൊലീസിനും മുഖ്യമന്ത്രിക്കും നന്ദിയറിയിച്ച് റെയ്ന
ലക്നൗ: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ ആക്രമിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്ത അക്രമി സംഘത്തിലെ മൂന്ന് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയതു. അന്തർ സംസ്ഥാന കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്നും കേസിന് പരിഹാരമായെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. അതേസമയം 11 പേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് ഡി.ജി.പി ദിങ്കർ ഗുപ്ത പറഞ്ഞു.
പഞ്ചാബിലെ പഠാൻകോട്ടിൽ വച്ച് ആഗസ്റ്റ് 19ന് രാത്രിയാണ് റെയ്നയുടെ പിതാവിന്റെ സഹോദരി ആശാറാണിയുടെ കുടുംബം ആക്രമിക്കപ്പെട്ടത്. ആശാറാണിയുടെ ഭർത്താവും റെയ്നയുടെ അങ്കിളുമായ അശോക് കുമാർ സംഭവ സ്ഥലത്ത് വച്ചും അദ്ദേഹത്തിന്റെ മകൻ കൗശൽ കുമാർ പിന്നീട് ആശുപത്രിയിൽ വച്ചും മരിച്ചു. ആശാകുമാരി ഇപ്പോഴും ചികിത്സയിലാണ്. പത്താൻ കോട്ട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാൻ സ്വദേശികളായ സവാൻ എന്ന മാച്ചിംഗ്, മുഹോബത്ത്, ഷാരൂഖ് ഖാൻ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. എകെ എന്നെഴുതിയ ഒരു മോതിരം, ഒരു സ്വർണ ചെയിൻ, 1530 രൂപ, ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് മരത്തടികൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.
സംഭവത്തിന് തൊട്ടുപിന്നാലെ, അമൃത്സർ ബോർഡർ റേഞ്ച് ഐജിക്ക് കീഴിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) രൂപീകരിച്ച് കേസ് അന്വേഷിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. കുറ്റവാളികളെ പിടികൂടണമെന്നും ആക്രമിക്കപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന് റെയ്ന കത്തയച്ചിരുന്നു. പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവടങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ നേരത്തെയും നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഒരു സ്ഥലത്ത് നിന്ന് കവർച്ച നടത്തി മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റും കടക്കലാണ് ഇവർ ചെയ്തിരുന്നതെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കട്ടെ: റെയ്ന
അക്രമികളിൽ മൂന്ന് പേരെ പിടികൂടിയ പൊലീസിനും പഞ്ചാബ് മുഖ്യമന്ത്രിയ്ക്കും നന്ദിയറിയിച്ച് റെയ്ന ട്വീറ്റ് ചെയ്തു.
മൂന്ന് അക്രമികളെ പിടികൂടിയ അന്വേഷണ സംഘത്തെ ഇന്നു (ബുധൻ) രാവിലെ പഞ്ചാബിലെത്തി കണ്ടിരുന്നു. അവരുടെ പരിശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു. ഞങ്ങളുടെ നഷ്ടം നികത്താവുന്നതല്ല. പക്ഷേ, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് കാരണമാകട്ടെ. എല്ലാ സഹായങ്ങൾക്കും പഞ്ചാബ് പൊലീസിനും മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനും നന്ദി’ – റെയ്ന ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |