SignIn
Kerala Kaumudi Online
Saturday, 27 December 2025 11.18 AM IST

ബംഗ്ലാദേശിൽ സ്ഥിതി രൂക്ഷം: ഒരു ഹിന്ദു യുവാവിനെ കൂടി മർദ്ദിച്ചുകൊന്നു ആശങ്കാജനകം; അപലപിച്ച് ഇന്ത്യ

Increase Font Size Decrease Font Size Print Page
pic

ധാക്ക: ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടതിനുപിന്നാലെ ഒരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമൃത് മൊണ്ടാലാണ് (29) കൊല്ലപ്പെട്ടത്. ബുധനാഴ്ച അർദ്ധരാത്രിയോടെ രാജ്ബരി ജില്ലയിലായിരുന്നു സംഭവം. മൊണ്ടാൽ പണംതട്ടുന്ന ക്രിമിനൽ സംഘത്തിന്റെ തലവനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ജനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് മൊണ്ടാലിനെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിഘടനവാദി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലെ സംഘർഷം തുടരുന്നതിനിടെയാണ് ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം വർദ്ധിക്കുന്നത്. മൊണ്ടാൽ കൊലക്കേസിൽ പ്രതിയാണെന്ന് പൊലീസും തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടയാളാണെന്നും സംഭവത്തിന് വർഗീയ സ്വഭാവമില്ലെന്നും സർക്കാരും പ്രതികരിച്ചു. എന്നാൽ ഇവ നിഷേധിച്ച് വിവിധ ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തി.


അതേസമയം, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സംഭവവികാസങ്ങൾ മാദ്ധ്യമ അതിശയോക്തിയായോ, രാഷ്ട്രീയ അക്രമമായോ തള്ളാനാകില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ഭീകരരുടെ സഹായത്തോടെ നിരന്തരം നടക്കുന്ന ശത്രുതാപരമായ നടപടികൾ അത്യന്തം ആശങ്കാജനകമാണ്-വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ബംഗ്ലാദേശിൽ പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യാ വിരുദ്ധ ആഖ്യാനങ്ങൾ മന്ത്രാലയം തള്ളി.

ഈ മാസം 18നാണ് മതനിന്ദയുടെ പേരിൽ ദീപു ചന്ദ്രദാസിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിക്കുകയും ചെയ്തു. ദീപു മതനിന്ദാപരമായി സംസാരിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.


# അതിക്രമങ്ങൾ തുടരുന്നു


 ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന അതിക്രമങ്ങളിൽ പലതും പുറംലോകമറിയുന്നില്ലെന്ന് അവകാശ സംഘടനകൾ

 ചട്ടോഗ്രാമിൽ ഈമാസം 20ന് ഹിന്ദു കുടുംബത്തിന്റെ വീടിന് അക്രമികൾ തീയിട്ടു. 9 അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴെ

 രംഗ്പൂരിൽ ഈ മാസം ആദ്യം ഹിന്ദു വൃദ്ധ ദമ്പതികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടില്ല

# 2,900 - ആക്രമണങ്ങൾ രാജ്യത്തെ ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ വിഭാഗക്കാർക്ക് നേരെ ഉണ്ടായി. 2024 ആഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ചതിന് ശേഷമുള്ള കണക്കാണിത്

# ഇടക്കാല സർക്കാരിന് കീഴിൽ മതന്യൂനപക്ഷങ്ങളെ ജീവനോടെ ചുട്ടുകൊല്ലുന്നു. അവർ പറഞ്ഞറിയിക്കാൻ കഴിയാത്തവിധം പീഡനങ്ങൾക്ക് ഇരയാകുന്നു.

- ഷെയ്ഖ് ഹസീന,

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി

-----------------------

# താരിഖ് റഹ്‌മാൻ തിരിച്ചെത്തി

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ ബംഗ്ലാദേശിൽ തിരിച്ചെത്തി. സിയ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ റഹ്‌മാൻ പാർട്ടിയെ നയിക്കും. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിലാണ് റഹ്‌മാന്റെ വരവ്.

അഴിമതി അടക്കം ആരോപണങ്ങൾ നേരിട്ടിരുന്ന റഹ്മാൻ 17 വർഷം ലണ്ടനിലായിരുന്നു. കഴിഞ്ഞ വർഷം ഇടക്കാല സർക്കാർ അധികാരത്തിലേറിയ പിന്നാലെ റഹ്‌മാനെതിരെയുള്ള ഭൂരിഭാഗം കുറ്റങ്ങളും റദ്ദാക്കി. മതന്യൂനപക്ഷങ്ങൾ അടക്കം എല്ലാവർക്കും സുരക്ഷിതമായ രാജ്യം കെട്ടിപ്പടുക്കുമെന്ന് ധാക്കയിൽ അണികളെ അഭിസംബോധന ചെയ്യവെ റഹ്‌മാൻ പ്രഖ്യാപിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.