മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സ് നവൽനിക്ക് വിഷബാധയേറ്റത് എയർപോർട്ടിൽ നിന്നല്ലെന്ന വിവരം പുറത്തുവിട്ട് നവൽനിയുടെ അനുയായികൾ. തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലാണ് നവൽനിയുടെ അനുയായികൾ പുതിയ വിവരവുമായി എത്തിയത്. ഹോട്ടലിൽ നിന്ന് എയർപോർട്ടിലേക്ക് പുറപ്പെടും മുൻപുതന്നെ നവൽനിക്ക് വിഷബാധ ഏറ്റതായാണ് സംശയിക്കുന്നതെന്നാണ് അവർ വീഡിയോയിൽ പറയുന്നത്.ഹോട്ടലിൽ നവൽനി ഉപയോഗിച്ച കുടിവെള്ളത്തിന്റെ ബോട്ടിലിലൂടെയാകണം വിഷം ഉള്ളിലെത്തിയതെന്നും അവർ അനുമാനിക്കുന്നുണ്ട്. സൈബീരിയൻ നഗരമായ ടോംസ്കിലെ ഒരു ഹോട്ടലിലായിരുന്നു നവൽനി തങ്ങിയിരുന്നത്. നവൽനിയുടെ മുറിയിൽ നിന്ന് നാലു കുപ്പികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം ഒഴിഞ്ഞ കുപ്പികളാണ്. ഇവയെല്ലാം പ്രത്യേകം പായ്ക്ക് ചെയ്ത് ടെസ്റ്റിനായി കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.നവൽനി ബോധരഹിതനായി വീണ് മണിക്കൂറുകൾക്കുള്ളിലാണ് അനുയായികൾ ഹോട്ടൽമുറി പരിശോധിക്കാനായി എത്തിയത്. 2020 ആഗസ്റ്റ് 20 എന്ന തീയതിയും വീഡിയോയിലുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം മാത്രമാണ് അനുയായികൾ ഈ വീഡിയോ പുറത്തുവിട്ടത്. നവൽനിക്ക് വിഷബാധയേറ്റതുമായി ബന്ധപ്പെട്ട കേസിന് പുതിയ വഴിത്തിരിവാകും വീഡിയോ എന്നുറപ്പാണ്. ഇതുവരെ എയർപോർട്ടിൽ നിന്ന് കഴിച്ച ചായയിൽ നിന്നാണ് നവൽനിക്ക് വിഷബാധയേറ്റതെന്ന അനുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. എന്നാൽ, നിലവിലെ അനുമാനങ്ങളെല്ലാം റഷ്യൻ സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണ്. പുതിയ കണ്ടെത്തലിനെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് റഷ്യൻ സർക്കാർ പ്രതിനിധി പറയുന്നത്. ശേഖരിച്ച കുപ്പികൾ ജർമ്മനിയിലെ ഡോക്ടർമാർക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് നവൽനിയുടെ അനുകൂലികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |