തിരുവനന്തപുരം: യു.എ.ഇയിൽ നിന്ന് 7750 മതഗ്രന്ഥങ്ങൾ എത്തിച്ചത് ആരുടെ ആവശ്യപ്രകാരമാണെന്ന എൻ.ഐ.എ അന്വേഷണം കെ.ടി.ജലീലിന് കുരുക്കാവും. ഇന്നലെ ചോദ്യംചെയ്യലിൽ, ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെന്നാണറിയുന്നത്.
റംസാൻ റിലീഫായി ഭക്ഷ്യക്കിറ്റുകൾക്കൊപ്പം വിതരണം ചെയ്യാനാണ് കോൺസുലേറ്റ് മതഗ്രന്ഥം കൈമാറിയതെന്നാണ് ജലീലിന്റെ വാദം. ആയിരം ഭക്ഷ്യക്കിറ്റുകളാണ് മന്ത്രി തന്റെ മണ്ഡലമായ തവനൂരിൽ വിതരണം ചെയ്തത്. എന്നാൽ മതഗ്രന്ഥങ്ങൾ ഇവയ്ക്കൊപ്പം നൽകിയില്ല. മാത്രമല്ല, മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ട് പന്താവൂരിലെ സ്ഥാപനത്തിൽ മതഗ്രന്ഥങ്ങൾ എത്തിച്ചു. ഈ സാഹചര്യത്തിലാണ് ആരാണ് ആവശ്യപ്പെട്ടതെന്ന് കണ്ടെത്താനുള്ള പ്രത്യേക അന്വേഷണം. സ്വപ്നയെയും സരിത്തിനെയും ഇതിനായി ചോദ്യംചെയ്യും. സ്വപ്നയും സംഘവുമാണ് മതഗ്രന്ഥങ്ങൾ ആവശ്യപ്പെട്ടതെങ്കിൽ ലക്ഷ്യം സ്വർണക്കടത്താണെന്ന് ഉറപ്പിക്കാം.
നയതന്ത്രചാനലിലൂടെ സ്വപ്നയും സംഘവും 23 തവണ സ്വർണം കടത്തിയെങ്കിലും പരമാവധി 152 കിലോഗ്രാം ഭാരമുള്ള ബാഗുകളാണെത്തിച്ചിരുന്നത്. കസ്റ്റംസ് മുപ്പതുകിലോ സ്വർണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോയായിരുന്നു.
വൻതോതിൽ സ്വർണം കടത്താനാണ് 250 പായ്ക്കറ്റുകളിലായി മതഗ്രന്ഥങ്ങളെന്ന പേരിൽ 4479 കിലോഗ്രാം കാർഗോയെത്തിച്ചതെന്നാണ് സംശയം.
ഇത്രയും മതഗ്രന്ഥങ്ങൾക്ക് ആവശ്യപ്പെട്ടതാരാണെന്നും ഡിപ്ലോമാറ്റിക് ചാനലിലൂടെ കാർഗോ അയച്ചതാരാണെന്നും കണ്ടെത്തുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് എൻ.ഐ.എ പറയുന്നു. ഭാവിയിലെ അന്വേഷണമൊഴിവാക്കാനാണ് മലപ്പുറത്ത് വിതരണത്തിനെത്തിച്ചതെന്നും കരുതുന്നു.
സി-ആപ്‌റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ചത് 992 മതഗ്രന്ഥങ്ങൾ മാത്രം. ശേഷിക്കുന്ന 6758 മതഗ്രന്ഥങ്ങൾ എവിടെയാണെന്ന് കണ്ടെത്തണം. കാർഗോയിലെത്തിച്ചതെല്ലാം മതഗ്രന്ഥമാണെന്ന് വിശ്വസിച്ചാലും എയർവേബില്ലിലെ തൂക്കവും സാമ്പിൾ പരിശോധനയിലെ തൂക്കവും തമ്മിൽ 14 കിലോയുടെ വ്യത്യാസമുണ്ട്. ഇതും അന്വേഷിക്കുകയാണ്.
മാർച്ച് നാലിന് യു.എ.ഇ കോൺസൽ ജനറലിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കാർഗോ എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികൾ ഇളവു നൽകിയാണ് വിട്ടുകൊടുത്തത്. നികുതിയിളവിനായി സർക്കാരിന്റെ വ്യാജരേഖകൾ ഹാജരാക്കിയിരിക്കാമെന്നും സംശയിക്കുന്നു.
കുരുക്കായ വെളിപ്പെടുത്തൽ
മതഗ്രന്ഥങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജലീലിന്റെ നിർദേശപ്രകാരമാണ് സ്വീകരിച്ചതെന്നും മലപ്പുറം പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവി വെളിപ്പെത്തിയതും ജലീലിന് കുരുക്കാണ്. മതഗ്രന്ഥങ്ങൾ നൽകിയാൽ വിതരണം ചെയ്യാമോയെന്ന് മന്ത്രി അന്വേഷിച്ചെന്നാണ് മൊഴി.
ദൃശ്യങ്ങൾ നിർണായകം
കാർഗോ അയച്ചതാരാണെന്ന് കണ്ടെത്താൻ ദുബായ് വിമാനത്താവളത്തിലെയും എമിറേറ്റ്സ് കാർഗോയിലെയും കാമറാദൃശ്യങ്ങൾ എൻ.ഐ.എ ശേഖരിച്ചിട്ടുണ്ട്
മാർച്ചിൽ കൊണ്ടുവന്ന കാർഗോ സി-ആപ്‌റ്റിലെത്തിച്ചത് ജൂണിലാണ്. കോൺസുലേറ്റിൽ കാർഗോ എത്തിച്ചോയെന്നറിയാൻ അവിടത്തെ ദൃശ്യം തേടിയിട്ടുണ്ട്
ദുരൂഹതകൾ
1. 4479 കിലോ പാഴ്സലിന്റെ വിലയായി 8.95ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത്. എന്നാൽ ക്ലിയറിംഗ് ചാർജ് മാത്രമടച്ചാണ് സരിത്ത് കൈപ്പറ്റിയത്
2. യു.എ.ഇയിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ട് പ്രകാരമാണ് മതഗ്രന്ഥം അയയ്ക്കുന്നതെന്നാണ് രേഖകളിൽ
3. എന്നാൽ വിദേശ രാജ്യത്തേക്ക് മതഗ്രന്ഥം അയയ്ക്കുന്ന രീതിയില്ലെന്ന് അധികൃതർ എൻ.ഐ.എയെ അറിയിച്ചു
4. സർക്കാർ വാഹനത്തിൽ കാർഗോ കടത്തിയതും സി-ആപ്‌റ്റിന്റെ മറ്റൊരു വാഹനം കർണാടകത്തിലേക്ക് പോയതും ദുരൂഹം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |