പറവൂർ: എയർപോർട്ട് റോഡുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന മൂന്നംഗസംഘം പിടിയിൽ. കുന്നുകര അയ്യാരിൽവീട്ടിൽ മുജീബ് റഹ്മാൻ (47) മാണിശേരിവീട്ടിൽ എം.എം. റസാക്ക് (43), ആലുവ പവർഹൗസ് റോഡ് നിക്സൻ ഫ്രാൻസിസ് (44) എന്നിവരെയാണ് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. രണ്ട് കിലോയിലേറെ കഞ്ചാവ് ചെറുപൊതികളായി പായ്ക്കിംഗ് ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഘം സഞ്ചരിക്കാൻ ഉപയോഗിക്കുന്ന ഇന്നോവ കാറിൽനിന്നും 15ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.ജില്ലയുടെ വിവിധ വാണിജ്യ വ്യവസായ മേഖലകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു ലഹരിവസ്തുക്കളും വ്യാപകമായി വില്പന നടത്തിവന്നിരുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും എക്സൈസിന്റെ നീക്കങ്ങൾ മനസിലാക്കിയ സംഘം കുന്നുകര ഭാഗത്തുള്ള മുജീബ് റഹിമാനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടിൽ നിന്നും രണ്ടുപേരെ പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ വി.എസ്. ഹനീഷ്, ഉദ്യോഗസ്ഥരായ രാജി ജോസ്, എൻ.കെ. സാബു, ടി.എസ്. ശ്രീരാജ്, ടി.ജി. ബൈനു, ടി.ടി. ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |