കോട്ടയം: അർപ്പണ മനോഭാവവും, ജനക്ഷേമത്തിനായി ആത്മാർത്ഥതയോടെ നടത്തിയ പ്രവർത്തനങ്ങളുമാണ് നിയമസഭാംഗമെന്ന നിലയിൽ അര നൂറ്റാണ്ടിലെത്തിയ ഉമമൻചാണ്ടിയുടെ അസാധാരണ നേട്ടത്തിന് പിന്നിലെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു .
അമേരിക്കയിൽ ചികിത്സയിലുള്ള സോണിയ ,സന്ദേശത്തിലൂടെയാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻചാണ്ടി നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത്. ഊർജ്വസ്വലനായ വിദ്യാർത്ഥി നേതാവ്, ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രി, ശക്തനായ പ്രതിപക്ഷ നേതാവ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ച ഉമ്മൻചാണ്ടി എല്ലാ സ്ഥാനങ്ങളിലും കാര്യക്ഷമതയോടെയും സത്യസന്ധതയോടെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയും പ്രവർത്തിച്ചു. ഉമ്മൻചാണ്ടിയുടെ നയചാതുരിയും ഉപദേശങ്ങളും അനുഭവ സമ്പത്തും കോൺഗ്രസിന് മാർഗ നിർദ്ദേശകമാണെന്നും സോണിയ പറഞ്ഞു.
രാഹുൽ ഗാന്ധി
ജനങ്ങളുടെ വേദന മനസിലാക്കി അതു പരിഹരിക്കാനായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് രാഹൂൽ ഗാന്ധി എം.പി വീഡിയോ സന്ദേശത്തിൽ പറഞ്ഞു ഉമ്മൻചാണ്ടിക്കൊപ്പം ആന്ധ്രാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവെ, ഹെലികോപ്ടർ യാത്രയിൽ അദ്ദേഹത്തിന്റെ കാല് മുറിഞ്ഞു ചോര വന്നു .ചോര നിലക്കാത്ത അവസ്ഥയെ പുഞ്ചിരിയോടെ നേരിട്ടത് തന്നെ അത്ഭുതപ്പെടുത്തി . സത്യം, നീതി, സഹവർത്തിത്വം തുടങ്ങിയ ഉന്നത മൂല്യങ്ങൾ കാത്തുസൂക്ഷിച്ചതാണ് ഉമ്മൻചാണ്ടിയുടെ നേട്ടമെന്നും രാഹൂൽ പറഞ്ഞു.
ഉമ്മൻചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന കാലം കേരളത്തിന്റെ വികസന ചരിത്രത്തിൽ സുവർണ കാലമായിരുന്നുവെന്ന് എ.കെ.ആന്റണി പറഞ്ഞു. ജനങ്ങൾ പെട്ടെന്ന് മാറ്റം ആഗ്രഹിക്കുമ്പോഴാണ്, ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിലെ വോട്ടർമാർ 50 വർഷം തുടർച്ചയായി തിരഞ്ഞെടുത്തത്. 24 മണിക്കൂറും ജനസേവനത്തിലൂടെ ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവന മറക്കാനാവില്ലെന്നും ആന്റണി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സേവനം മഹത്തരമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിശേഷിപ്പിച്ചു.
കരുതലും വികസനവും സത്യസന്ധതയുമാണ് ഉമ്മൻചാണ്ടിയുടെ സവിശേഷതയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു . പുതുപ്പള്ളിയിലെ വോട്ടർമാരെ അദ്ദേഹം സ്നേഹിച്ചത് മാതൃകയാക്കിയാണ് മറ്റ് എം.എൽ.എമാരും സ്വന്തം മണ്ഡലത്തിലെ വിവാഹ മരണച്ചടങ്ങുകളിൽ പങ്കെടുക്കാൻ തുടങ്ങിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഠിനാധ്വാനവും അർപ്പണ ബോധവും, തെളിഞ്ഞ ബുദ്ധിയുമാണ് ഉമ്മൻചാണ്ടിയുടെ വളർച്ചയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എമാർ ജനങ്ങളുടെ സന്തത സഹചാരിയാണെന്ന് തെളിയിച്ചതും ഉമ്മൻചാണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |