SignIn
Kerala Kaumudi Online
Sunday, 06 July 2025 6.47 AM IST

ഞങ്ങൾ ഭയന്ന് വിറച്ചുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം, ഇ.ഡിയും കിഫ്ബിയുടെ പ്രവർത്തനവും തമ്മിൽ എന്ത് ബന്ധം? തോമസ് ഐസക് ചോദിക്കുന്നു

Increase Font Size Decrease Font Size Print Page
kifbi

തിരുവനന്തപുരം: 'എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കിഫ്ബിയിലേക്ക്' എന്ന മട്ടിലുള്ള വാർത്തകളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവരെ 'പമ്പരവിഡ്ഢികളെന്ന്' താൻ വിളിച്ചാൽ ആ വിശേഷണം കുറഞ്ഞുപോകുമെന്നും അന്വേഷണമെത്താൻ പോകുന്നുവെന്ന 'ആഘോഷങ്ങൾ' കേൾക്കുമ്പോഴേ തങ്ങൾ ഭയന്ന് വിറച്ചുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരമെന്നും മന്ത്രി പറയുന്നു. കുപ്രചരണങ്ങൾ നടത്തുന്നവർക്ക് ഇഡിയുടെ അന്വേഷണാധികാരങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ എന്നും വിദേശനാണയ വിനിമയം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയൊക്കെ അന്വേഷിക്കുന്ന ഇ.ഡിയും കിഫ്ബിയുടെ പ്രവർത്തനവും തമ്മിൽ എന്ത് ബന്ധമെന്നും മന്ത്രി രൂക്ഷമായ ഭാഷയിൽ ചോദിക്കുന്നു.

ഫേസ്‍ബുക്ക് പോസ്റ്റ് ചുവടെ:

'വാർത്തയെന്ന പേരിൽ അസംബന്ധങ്ങളുടെ പ്രചാരണമാണല്ലോ ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അതിലെ മുന്തിയ ഇനമാണ് കിഫ്ബിയിലേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമെത്താൻ പോകുന്നുവെന്ന “ആഘോഷങ്ങൾ”. കേൾക്കുമ്പോഴേ ഞങ്ങൾ ഭയന്ന് വിറച്ചുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?

കിഫ്ബി എന്നത് കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. തങ്ങളുടെ കൈയ്യിലുള്ള മിച്ചപണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കിഫ്ബിക്കുണ്ട്. സേവിംഗ്സ് അക്കൗണ്ടിൽ ഇടാം, പലിശ കുറവായിരിക്കും. പക്ഷെ, എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. നിശ്ചിതകാലയളവിൽ വിവിധ ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാം, പലിശ കൂടുതൽ കിട്ടും, പക്ഷെ, കാലാവധിക്കു മുമ്പ് പിൻവലിച്ചാൽ പലിശ നഷ്ടം വരും. ഒരു ധനകാര്യ സ്ഥാപമെന്ന നിലയിൽ ഇതൊക്കെ തീരുമാനിക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. മേൽനോട്ടത്തിന് പ്രഗത്ഭരുടെ സമിതികളുമുണ്ട്.

ഇതിനായി ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയുണ്ട്. അവർ തയ്യാറാക്കിയ ചിട്ടകൾ ഗവേണിംഗ് ബോഡി അംഗീകരിച്ചിട്ടുണ്ട്. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി അംഗീകരിച്ചിട്ടുണ്ട്. ഡിപ്പോസിറ്റി ചെയ്യുംമുമ്പ് ടെണ്ടർ വിളിക്കും. എപ്പോഴും മുഴുവൻ തുകയും പലിശ കൂടുതൽ തരുന്ന ബാങ്കിൽ ഇടുകയില്ല. സുരക്ഷയ്ക്കുവേണ്ടി പല ബാങ്കുകളിൽ നിക്ഷേപിക്കുകയേയുള്ളൂ. ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ബാങ്കുകളിലേ നിക്ഷേപിക്കൂ.

അങ്ങനെയൊരു ബാങ്കായിരുന്നു Yes ബാങ്ക്. വളരെ ഉയർന്ന റേറ്റിംഗ് ഉണ്ട്. പക്ഷെ, അവർ തെറ്റായ വായ്പകൾ കൊടുത്തു. നിഷ്ക്രിയ ആസ്തികൾ പെരുകി, റേറ്റിംഗ് ഇടിഞ്ഞു. കാലാവധി തീർന്നപ്പോൾ കിഫ്ബി ഡെപ്പോസിറ്റ് പിൻവലിച്ചു. പലിശയോ മുതലോ നഷ്ടപ്പെട്ടിട്ടില്ല.

അങ്ങനെയായിരിക്കെയാണ് യുപിയിലെ ഒരു എംപിക്ക് കേരളത്തിലെ കിഫ്ബിയെക്കുറിച്ച് ആകാംക്ഷ സഹിക്കാൻ വയ്യാഞ്ഞ് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടത്. (ഇവിടെയുള്ള ആരോ ഓതിക്കൊടുത്തതുമായിരിക്കും. എന്തോ ആകട്ടെ). പാർലമെന്റിൽ ഒരു ചോദ്യം. കിഫ്ബിയുടെ Yes ബാങ്ക് ഇടപാടിനെക്കുറിച്ച് ഇഡി നിരീക്ഷിക്കുകയാണെന്ന് ഒരു ഉഴപ്പൻ മറുപടി കേന്ദ്രധനകാര്യ സഹമന്ത്രി നൽകുകയും ചെയ്തു. അപ്പോഴേ തുടങ്ങി ആഘോഷങ്ങൾ.

ഇഡിയുടെ അന്വേഷണാധികാരങ്ങൾ എന്തൊക്കെയാണ് എന്ന് ഈ ആഘോഷക്കമ്മിറ്റിയ്ക്ക് വല്ല പിടിത്തവുമുണ്ടോ? വിദേശനാണയ വിനിമയം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയൊക്കെയാണവ. ഇതും കിഫ്ബിയുടെ പ്രവർത്തനവും തമ്മിൽ എന്ത് ബന്ധം? ഒന്നു കുലുക്കി നോക്കുകയാണ്. വീഴുമോ എന്നറിയാൻ! ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഏതായാലും കിഫ്ബിയിൽ ഇഡി ഇതുവരെ എത്തിയിട്ടില്ല. വരട്ടെ. എന്തൊക്കെയാണ് അവർക്കറിയേണ്ടതെന്ന് ചോദിക്കട്ടെ. കാത്തിരിക്കുകയാണ് ഞങ്ങൾ. ഈ രാജ്യത്ത് ഇപ്പോൾ ഒരു നിയമവ്യവസ്ഥ നിലവിലുണ്ടെന്നു മാത്രം ഇപ്പോൾ പറയാം. ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട.

എജിയുടെ ഓഡിറ്റ് സംബന്ധിച്ചായിരുന്നല്ലോ ഒരു വർഷക്കാലം പുകില്. ഇപ്പോൾ കോൺഗ്രസ് നേതാവ് കുഴൽനാടനും ബിജെപിയും ചേർന്ന് ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. കേന്ദ്രസർക്കാരിനെയും റിസർവ്വ് ബാങ്കിനെയും കക്ഷി ചേർത്തിട്ടുണ്ട്. ഇപ്പോൾ അവസാനം ഇഡിയും. കിഫ്ബിയെ ആർക്കാണ് പേടി? നമുക്കു ജനങ്ങളുടെ അടുത്തു പോകാം. ഓരോ പ്രദേശത്തും നടക്കുന്ന വികസന പ്രവർത്തനങ്ങൾ അവ വേണമോ, വേണ്ടയോയെന്നും ജനങ്ങൾ തീരുമാനിക്കട്ടെ. ഉത്തരം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. വികസന അട്ടിമറിക്കാർക്ക് കേരളത്തിൽ സ്ഥാനമുണ്ടാവില്ല.

ഇതിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പുതിയ നുണക്കഥകൾ ഇറക്കാൻ നോക്കുന്നുണ്ട്. ഡോ. ബാബു പോളിന്റെ മരണശേഷം ഇൻഷ്വറൻസ് റെഗുലേറ്ററി ഓഫ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ചെയർമാനായിരുന്ന ശ്രീ. എസ്. വിജയൻ കിഫ്ബി ബോർഡ് മെമ്പറായി തെരഞ്ഞെടുക്കുകയുണ്ടായി. ഇങ്ങനെയുള്ള പദവികളിൽ നിന്നും റിട്ടയർ ചെയ്യുന്നവർ രണ്ടു വർഷം കഴിഞ്ഞേ പദവികൾ ഏറ്റെടുക്കാൻ പാടുള്ളൂവെന്ന് നിയമമുണ്ട്. ശരിയാണ്. ആ കാലവധി കഴിഞ്ഞിട്ടു മാത്രമാണ് ശ്രീ. വിജയനെ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തത്. ആ നമ്പരും ഏശില്ലെന്ന് അർത്ഥം.

അതിനിടയിൽ മറ്റൊരു ഒളി വിവരംകൂടി അപസർപ്പക അന്വേഷണ വിദഗ്ധർക്ക് കിട്ടിയിട്ടുണ്ടുപോലും. Yes ബാങ്ക് പ്രതിസന്ധിയിലാണെന്നു കിഫ്ബിക്ക് വിവരം ചോർത്തി നൽകിയത് ശ്രീ. വിജയനാണത്രെ. മഞ്ഞപ്പിത്തം പിടിപെട്ടവർക്ക് കാണുന്നതെല്ലാം മഞ്ഞയായിത്തോന്നുമെന്നാണല്ലോ. വല്ലവരും ചോർത്തിക്കൊടുക്കുന്നതു മാത്രം വെച്ചു കൊണ്ടാണല്ലോ ഈ ഡിക്ടറ്റീവ് കളി. എല്ലാവരും തങ്ങളെപ്പോലെയാണ് എന്ന് വിചാരിച്ച് വെച്ചു കീച്ചുന്നതാണ്.

പമ്പരവിഡ്ഢികളെന്നു ഞാനിവരെ വിളിക്കുന്നില്ല. ആ വിശേഷണവും കുറഞ്ഞുപോകും. വിവരവും ബോധവുമുള്ളവർക്ക് കമ്പനികളുടെ റേറ്റിംഗ് വിലയിരുത്തലുകൾ കണ്ടാൽ കാര്യങ്ങൾ മനസിലാകും. അങ്ങനെ മനസിലാകുന്നവരെയാണ് നാം വിദഗ്ധർ എന്നു വിളിക്കുക. ഇത്തരം റേറ്റിംഗുകളൊക്കെ സുതാര്യമായും പരസ്യമായും നടക്കുന്നതാണ്. നിലവാരമുള്ള പത്രങ്ങൾ സ്ഥിരമായി വായിക്കുന്ന ശീലമുണ്ടെങ്കിൽ അതു മനസിലാകും. Yes ബാങ്കിനെ 2018ൽത്തന്നെ ഡൗൺ ഗ്രേഡ് ചെയ്യാൻ തുടങ്ങിയിരുന്നു. അതൊക്കെ അത്തരം വിവരങ്ങൾ റിപ്പോർട്ടു ചെയ്യുന്ന പത്രങ്ങളിലും ചാനലുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടതുമാണ്. വിജയനെപ്പോലെ ആരും ആ രഹസ്യം ചോർത്തിത്തരേണ്ട ആവശ്യമില്ലെന്നു സാരം. മൂടുകുലുക്കിപ്പക്ഷികളുടെ ഭ്രാന്തൻ പുലമ്പലുകൾ ഏതറ്റം വരെ പോകുമെന്നു നോക്കാം.'

TAGS: KIFBI, THOMAS ISAAC, KERALA, ENFORCEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.