മുംബയ്: കോൺഗ്രസ് നേതാവും അഭിനേത്രിയുമായ ഊർമ്മിള മണ്ഡോത്കറിനെ അധിക്ഷേപിച്ച് നടി കങ്കണ റണൗട്ട്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയെന്ന നിലയിൽ അല്ലെന്നും, അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ''- എന്നുമാണ് കങ്കണ പറഞ്ഞത്.
കങ്കണയ്ക്കെതിരെ ബോളിവുഡ് താരങ്ങളായ സ്വര ഭാസ്കർ, അനുഭവ് സിൻഹ എന്നിവരടക്കമുള്ളവർ രംഗത്തെത്തി.
ഊർമ്മിളയുടെ ഉജ്ജ്വല പ്രകടനവും ഡാൻസും താൻ ഓർമിക്കുന്നു എന്നാണ് സ്വര ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊർമിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം.
ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാ വ്യവസായ മേഖലയെ സഹായിക്കണമെന്ന് ഒരു അഭിമുഖത്തിൽ ഊർമിള പറഞ്ഞതായിരുന്നു അവർ തമ്മിലുള്ള പോരിനുള്ള തുടക്കമായത്. ഇന്ത്യയിൽ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചൽപ്രദേശിലാണ്. മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണം. സിനിമയിലെത്തിയ കാലത്തും സ്വജനപക്ഷപാതം നിലനിന്നിരുന്നതായി കങ്കണ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ മദ്ധ്യവർത്തി കുടുംബത്തിൽ നിന്ന് സിനിമയിലെത്തിയ താനും അത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കുകയും തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഊർമ്മിള വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |