മലയിൻകീഴ്: കുന്നംപാറ ശിവജിപുരത്ത് സ്ഥിതിചെയ്യുന്ന താലൂക്ക് സപ്ലൈകോ ഗോഡൗണിലേക്ക് കൊണ്ടുവന്ന റേഷനരി ചാക്കുകൾക്കിടയിൽ കൂറ്റൻ പെരുമ്പാമ്പ്. ഇന്നലെ രാവിലെയാണ് സംഭവം. ലോറിയിൽ നിന്ന് അരിച്ചാക്കുകൾ ഇറക്കുന്നതിന് തൊഴിലാളികൾ ലോറിയിൽ കയറി അരിച്ചാക്കുകൾ മൂടിയിരുന്ന ടാർപോളിൻ മാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടത്. അമ്പരന്ന തൊഴിലാളികൾ പെട്ടെന്ന് ചാടിയിറങ്ങി ഗോഡൗൺ അധികൃതരെ വിവരമറിയിച്ചു. വാവ സുരേഷിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൂജപ്പൂര സ്നേക്ക് പാർക്കിൽ നിന്നെത്തിയ പ്രഭാത് സജിത്ത് പെരുമ്പാമ്പിനെ ചാക്കിലാക്കി. എറണാകുളം കാലടിയിൽ നിന്ന് മട്ട അരിയുമായെത്തിയ ലോറിയിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. ഏഴടി നീളമുള്ള പാമ്പിന് രണ്ടു വയസ് പ്രായം വരും. ലോറി ഡ്രൈവർ രാത്രിയിൽ വിശ്രമത്തിനായി റോഡ് വശത്തെ മരക്കൂട്ടങ്ങളുടെ കീഴിൽ നിറുത്തിയിട്ടപ്പോൾ പാമ്പ് ലോറിക്ക് മുകളിൽ വീഴുകയും രക്ഷപ്പെടാനാകാതെ ലോറിയിൽ അകപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പൂജപ്പുരയിലെ സ്നേക്ക് പാർക്കിൽ സൂക്ഷിച്ചിട്ടുള്ള പെരുമ്പാമ്പിനെ ഇന്ന് രാവിലെ വഴുതക്കാട് വനം വകുപ്പിന് കൈമാറുമെന്ന് പ്രഭാത് സജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |