തിരുവനന്തപുരം:നിയമസഭാ സാമാജികത്വത്തിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിക്ക് കെ.പി.സി.സിയുടെ ആദരം.
ഇന്ദിരാഭവനിൽ നടന്ന ആഘോഷം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയുടേതെന്നും പുതുതലമുറയിലെ രാഷ്ട്രീയ പ്രവർത്തകരും യുവ എം.എൽ.എമാരും അദ്ദേഹത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസിലും യു.ഡി.എഫിലുമുള്ള ഇപ്പോഴത്തെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കരുണയുടെയും സ്‌നേഹത്തിന്റെയും ആകെത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്നതിന്റെ ഉദാഹരണമാണ് ഉമ്മൻചാണ്ടി. ഏത് രാഷ്ട്രീയസമസ്യയ്ക്കും പരിഹാരം കണ്ടെത്തുന്ന നേതാവാണദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.
ജനപ്രതിനിധികൾ ദന്തഗോപുരത്തിലല്ല ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കേണ്ടവരാണെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മൻചാണ്ടിയുടേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഏത് ആൾക്കൂട്ടമായാലും പറയുന്നത് ക്ഷമാപൂർവം കേൾക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ വിജയമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി മുൻ പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
പി.ടി. ചാക്കോ തയാറാക്കിയ നന്മയുടെ കാന്തി, വീക്ഷണം തയാറാക്കിയ അതുല്യം അഭിമാനം, കാവാലം ശ്രീകുമാർ പാടിയ ഗാനം എന്നിവയും റിലീസ് ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരും ദിവസങ്ങളിൽ കെ.പി.സി.സി സെക്രട്ടറിമാർ ഉൾപ്പെടെയുള്ള കൂടുതൽ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കരുത്ത് പാർട്ടിയും ജനങ്ങളും:ഉമ്മൻചാണ്ടി
പാർട്ടിയും ജനങ്ങളും ദൈവാനുഗ്രഹവുമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് ഉമ്മൻചാണ്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നിലത്ത് വീണുകിടക്കുന്നവരെപ്പോലും തല്ലിച്ചതയ്ക്കുന്ന സർക്കാരാണിപ്പോൾ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരം അക്രമാസക്തമായൽ നേരിടണം. പക്ഷേ, ഇങ്ങനെ തല്ലിച്ചതയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ജനാധിപത്യത്തിനു ഭൂഷണമല്ല.
വി.ടി.ബൽറാം എം.എൽ.എയെയും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് മൃഗീയമായി മർദ്ദിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |