തിരുവനന്തപുരം: നിശബ്ദമായി നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നമ്മൾ പോലുമറിയാതെ സ്വകാര്യ വിവരങ്ങൾ ചോർത്തിക്കൊണ്ടിരിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സത്യസന്ധതയോടെ നമ്മളെ സമീപിക്കുകയും വിവരങ്ങൾ ചോർത്തുകയുമാണ് പതിവ്. ഏതുതരം സൈബർ ആക്രമണത്തിനും നമ്മൾ ഇരയാകാം. അതിനാൽ ഉത്തരവാദിത്തത്തോടെ ഇന്റർനെറ്റ് ഉപയോഗിക്കണമെന്നും പൊലീസിന്റെ കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലം എല്ലാവരെയും ഇന്റർനെറ്റിലാക്കിയെന്നും അതിനാൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രതത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇറ്റലിയിലെ കിംഗ് ഉമ്പർട്ടൊയുടെ ചെറുമകൻ പ്രിൻസ് മൈക്കിൽ ഡി യുഗോസ്ലാവി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് അക്കൗണ്ടുകളും മറ്റ് വിവരങ്ങളും ഇ മെയിലിലൂടെ പങ്കുവയ്ക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പല രാജ്യങ്ങളും സ്വീകരിക്കുന്ന സുരക്ഷിത്വത്തെക്കുറിച്ച് വിവരിച്ച അദ്ദേഹം ഇറ്റലി, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലുള്ള എമർജൻസി മോഡ് സംവിധാനവും വിശദീകരിച്ചു.
ആദ്യ ദിനം ആറായിരത്തിലധികം പേർ വിവിധ സെഷനുകളിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5ന് സമാപന സമ്മേളനം മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം സൈബർ ഡോമിന്റെയും പൊലീസിന്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |