പാലക്കാട്: ജില്ലയിൽ രണ്ടാഴ്ചയായി ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ ഒന്നാംവിള കൊയ്ത്ത് താളം തെറ്റുന്നതിനിടെ നെല്ല് സംഭരണവും വൈകുന്നത് കർഷകരെ ദുരിതക്കയത്തിലാഴ്ത്തി. സംഭരണം അടുത്ത മാസം ആദ്യം തുടങ്ങുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.
നിലവിൽ പുതുശേരി പാഡികോയും കോട്ടയത്തെ ഓയിൽ പാമും രണ്ട് സ്വകാര്യ മില്ലുകളാണ് സംഭരണത്തിന് തയ്യാറായിട്ടുള്ളത്. അമ്പതോളം സ്വകാര്യ മില്ലുകളാണ് ജില്ലയിൽ നിന്ന് നെല്ലെടുക്കുന്നത്. ജില്ലയിലെ മിക്കയിടങ്ങളിലും കൊയ്ത്ത് സജീവമായ സാഹചര്യത്തിൽ നിലവിലെ രണ്ട് മില്ലുകൾക്ക് മാത്രമായി നെല്ല് സംഭരിക്കാനാകില്ല.
മഴ കാരണം മിക്ക കർഷകർക്കും കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കുന്നതിനോ ഉണക്കാനോ സൗകര്യമില്ലാതെ ബുദ്ധിമുട്ടിലാണ്. കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യതക്കുറവും മഴയും കാരണം വീണുകിടക്കുന്ന നെൽച്ചെടികൾ പോലും കൊയ്തെടുക്കാനാവാത്ത അവസ്ഥയാണ്.
നനഞ്ഞ നെല്ല് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. ഈ സാഹചര്യം തുടർന്നാൽ കിട്ടിയ വിലയ്ക്ക് കർഷകർക്ക് നെല്ല് സ്വകാര്യ മില്ലുകൾക്ക് വിൽക്കേണ്ടി വരും.
അയൽ സംസ്ഥാനങ്ങളിലെ മില്ലുകളെയും പരിഗണിക്കണം
നെല്ല് സംഭരണത്തിൽ നിന്ന് കേരളത്തിലെ മില്ലുകാർ പിൻവാങ്ങിയ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിലെ മില്ലുകാരെയും കേരളത്തിലെ സഹകരണ ബാങ്കുകളെയും പരിഗണിക്കണമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
മഴ കനത്തതോടെ കൊയ്‌തെടുത്ത നെല്ല് സൂക്ഷിക്കാനാവാതെ കർഷകർ പ്രതിസന്ധിയിലാണ്. കൊയ്ത്ത് ആരംഭിക്കുന്നതിന് മുമ്പുതന്നെ സംഭരണം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇനിയെങ്കിലും അധികൃതർ തയ്യാറാവണം. ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷനായി. ജന.സെക്രട്ടറി മുതലാംതോട് മണി, വി.വിജയരാഘവൻ, ദേവൻ, കെ.എ.രാമകൃഷ്ണൻ, എസ്.അതിരഥൻ സംസാരിച്ചു.
രജിസ്റ്റർ ചെയ്തത് 8300 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |