പാലക്കാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിലേക്ക്. ആദ്യഘട്ടത്തിൽ 27 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് ശുചിത്വ പദവി കൈവരിച്ചതെന്ന് ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ അറിയിച്ചു. നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചുണ്ടുണ്ടോ എന്ന് മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ കൺവീനർമാരായ മൂന്ന് സംഘം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പദവി നൽകുന്നത്. ഖരമാലിന്യ സംസ്‌കരണത്തിൽ 60% പ്രവർത്തനം പൂർത്തിയാക്കിയ സ്ഥാപനങ്ങളെയാണ് പദവിക്കായി തിരഞ്ഞെടുത്തത്.
ശുചിത്വ പദവി മൂല്യനിർണയം ആഗസ്റ്റ് 26നാണ് ആരംഭിച്ചത്. പരിശോധന സംഘത്തിന്റെ അന്തിമ റിപ്പോർട്ട് 22ന് അവലോകന സമിതി ചെയർമാനായ കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് ഒക്ടോബറിൽ പഞ്ചായത്തുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.
ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കാൻ സംവിധാനം ഒരുക്കുക, അജൈവ മാലിന്യം ഹരിത കർമ്മസേന വഴി ശേഖരിച്ച് സംസ്‌കരിക്കുന്നതിന് കൈമാറുക, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും തടയുക, ഉപയോഗ ശൂന്യമായ പൊതുശൗചാലയങ്ങൾ, അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവയ്‌ക്കെതിരെയുള്ള നിയമ നടപടി, ഹരിത നിയമ പരിപാലനം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് മൂല്യനിർണ്ണയം. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, പഞ്ചായത്ത്- നഗരകാര്യ ഗ്രാമവികസന വകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ്, ക്ലീൻ കേരള കമ്പനി എന്നീ വകുപ്പുകളെ ഏകോപിച്ചാണ് പ്രവർത്തനം.
പദവി കൈവരിച്ച പഞ്ചായത്തുകൾ:
വെള്ളിനേഴി, മുണ്ടൂർ, ശ്രീകൃഷ്ണപുരം, പല്ലശ്ശന, പുതുപ്പരിയാരം, കടമ്പഴിപ്പുറം, അകത്തേത്തറ, കൊടുമ്പ്, പൂക്കോട്ടുക്കാവ്, കൊടുവായൂർ, മണ്ണൂർ, മുതുതല, ആലത്തൂർ, പെരിങ്ങോട്ടുകുറുശി, നെന്മാറ, തരൂർ, പരതൂർ, കരിമ്പുഴ, അമ്പലപ്പാറ, അഗളി, അനങ്ങനടി, കാരാകുറുശി, തേങ്കുറുശി, കപ്പൂർ, വടക്കഞ്ചേരി, മങ്കര, കോങ്ങാട്.
നഗരസഭകൾ: ചിറ്റൂർ- തത്തമംഗലം, ഷൊർണൂർ, ചെർപ്പുളശേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |