വാഷിംഗ്ടൺ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള 'കാമ്പയിൻ ഫോർ ഫീമെയിൽ എജ്യുക്കേഷനിൽ" 1,30,000 യു.എസ് ഡോളർ (95.7 ലക്ഷം രൂപ) സംഭാവന നൽകി ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും. ഹാരി രാജകുമാരന്റെ 36-ാം പിറന്നാളിനോടനുബന്ധിച്ചാണ് ഇരുവരും ധനസഹായം നൽകാൻ തീരുമാനിച്ചത്. സെപ്തംബർ 15 നായിരുന്നു രാജകുമാരന്റെ ജന്മദിനം.
സിംബാബ്വെ, സാംബിയ, ടാൻസാനിയ, മലാവി എന്നീ രാജ്യങ്ങളിലെ പെൺകുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഇവരുടെ ആരാധകരുടെ സംഘടനയായ സസക്‌സ് സ്‌ക്വാഡും ഇതിലേയ്ക്ക് തുക സംഭാവന ചെയ്തിട്ടുണ്ട്. 'ജന്മദിനം ആഘോഷിക്കാൻ ഇതിലും നല്ലൊരു വഴിയില്ല, സംഭാവനകൾ തന്ന എല്ലാവർക്കും നന്ദി' - മേഗൻ പറഞ്ഞു.
'ഹാരിയുടെയും മേഗന്റെയും ആരാധകരാകുക എന്നാൽ ആഘോഷങ്ങളെല്ലാം അർത്ഥവത്താക്കുക എന്നുകൂടിയാണ്. വലിയൊരു പ്രചോദനമാണത്. ഞങ്ങൾ അവർക്കൊപ്പം സമൂഹത്തിനായുള്ള പ്രവർത്തനങ്ങളിൽ എപ്പോഴും മുന്നിൽ നിൽക്കും. ' - കാംഫെഡ് അവരുടെ ഓഫീഷ്യൽ വെബ്‌സൈറ്റിൽ കുറിച്ചു