തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥമായ ഖുറാനെ വിവാദത്തിൽ കൊണ്ടുവന്നത് തിരിഞ്ഞു കുത്തുന്നെന്ന് മനസിലാക്കിയ കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾ ഉരുണ്ടുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് കളിയായാലും പറ്റിയ അബദ്ധം അബദ്ധമാണെന്ന് തിരിച്ചറിയുന്നത് നല്ലതാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഖുറാന്റെ മറവിൽ സ്വർണക്കടത്ത് നടന്നെന്ന് വിവാദമുണ്ടാക്കാൻ ആരായിരുന്നു ശ്രമിച്ചത്? പ്രതിപക്ഷനേതാവും ലീഗ് നേതാക്കളുമൊക്കെ സ്വയമേവ പരിശോധന നടത്തുന്നതാണ് നല്ലത്. യു.എ.ഇ കോൺസുലേറ്റിലെത്തിയ ഖുറാൻ സക്കാത്തായി നൽകുന്ന ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്യാമോയെന്ന് കോൺസൽ ജനറലാണ് ചോദിച്ചതെന്ന് ജലീൽ തന്നെ വ്യക്തമാക്കിയതാണ്. ജലീൽ സഹായിക്കാൻ തയാറായി. അതിനെ ഖുറാന്റെ മറവിലെ സ്വർണക്കടത്തായി വ്യാഖ്യാനിച്ചത് ബി.ജെ.പി- ആർ.എസ്.എസ് സംഘമായിരുന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യു.ഡി.എഫ് കൺവീനറുൾപ്പെടെ രംഗത്തുവന്നു. ഖുറാന്റെ മറവിൽ സ്വർണം കടത്തിയെന്ന് പറഞ്ഞ് കോൺഗ്രസ്, ലീഗ് നേതാക്കൾ പരസ്യമായി ആക്ഷേപിക്കുന്നതല്ലേ നാം കണ്ടത്. കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ സർക്കാരാണിത് എന്നാക്ഷേപിച്ചത് ലീഗ് നേതാക്കളല്ലേ. ഇതെല്ലാം എന്തടിസ്ഥാനത്തിലായിരുന്നു? ഇങ്ങനെയാരോപണമുന്നയിച്ചത് ആർക്കുവേണ്ടി? എന്തിന് വേണ്ടി? ബി.ജെ.പി നേതാക്കൾ ചെയ്യുന്നത് നമുക്ക് മനസിലാക്കാം. പക്ഷേ കോൺഗ്രസിന്റെയും ലീഗിന്റെയുമടക്കം നേതാക്കളെന്തിന് ഏറ്റുപിടിച്ചു?
മറ്റുദ്ദേശ്യങ്ങൾക്ക് ഖുറാനെ ഉപയോഗിക്കാൻ പാടില്ലായിരുന്നു. അതിന്റെ പേരിൽ സർക്കാരിനെയും മന്ത്രിയെയും ആക്രമിക്കാൻ പുറപ്പെടേണ്ടതില്ലായിരുന്നു. അതിനൊക്കെ യു.ഡി.എഫ് നേതാക്കളാണ് വിശദീകരണം നൽകേണ്ടത്. ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ബോധോദയമുണ്ടാകുന്നെങ്കിൽ നല്ല കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |