തിരുവനന്തപുരം: വിവാദ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് തെളിവില്ലെന്ന പേരിൽ എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് നീക്കം. പരാതിക്കാരനായ മുൻ സെനറ്റംഗവും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുജിത്ത് എസ്. കുറുപ്പിന്റെ മൊഴിപോലും രേഖപ്പെടുത്താതെ, കേസ് അവസാനിപ്പിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി അബ്ദുൾ റഷീദ് വിരമിക്കുന്നതിന്റെ തലേന്നാണ് അപേക്ഷ സമർപ്പിച്ചത്. കേസ് അടുത്തമാസം 9ന് പരിഗണിക്കും.
2008ലാണ് അടിമുടി ക്രമക്കേടുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 185 പേർക്കാണ് നിയമനം നൽകിയത്.
ഉത്തരക്കടലാസുകൾ നശിപ്പിച്ചും മാർക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടർ ഒളിപ്പിച്ചും വേണ്ടപ്പെട്ടവർക്കും പാർട്ടിക്കാർക്കും നിയമനം നൽകാൻ ഗൂഢാലോചന നടത്തിയെന്നതാണ് വിജിലൻസ് കണ്ടെത്തിയ കേസ്. വൈസ്ചാൻസലറായിരുന്ന ഡോ:എം.കെ രാമചന്ദ്രൻ നായർ, പി.വി.സി വി.ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതാക്കളുമായ എ.എ. റഷീദ്, എം.പി. റസ്സൽ, കെ.എ.ആൻഡ്രൂസ്, പരേതനായ ബി.എസ്. രാജീവ് എന്നിവർക്കെതിരെ 2014ൽ വിജിലൻസ് കുറ്റപത്രം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ ആരംഭിച്ചു. ഇത് ചോദ്യംചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിജിലൻസ് കോടതി വിചാരണ നിറുത്തിവച്ചു.
ഈ പട്ടികയിൽ നിന്ന് ജോലിലഭിച്ച എല്ലാവരെയും പ്രതികളാക്കണമെന്നും ഒ.എം.ആർ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന് ഉത്തരവാദികളെ കണ്ടെത്തണമെന്നും കേസ് പുനരന്വേഷിക്കണമെന്നും ജസ്റ്റിസ് കെമാൽപാഷ 2016ൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീലിന് ഇടതുസർക്കാർ ഒരുങ്ങിയെങ്കിലും നിയമോപദേശം എതിരായതിനാൽ വേണ്ടെന്നു വച്ചു. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസാണ് ഇപ്പോൾ എഴുതിത്തള്ളുന്നത്.
പ്രതിയായ എ.എ.റഷീദിനെ വിവരാവകാശ കമ്മിഷൻ അംഗമാക്കാൻ സർക്കാർ ശുപാർശ ചെയ്തെങ്കിലും കേസുള്ളതിനാൽ ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയില്ല. റഷീദിന് മറ്റൊരു ഉന്നതപദവി നൽകാനാണ് തിരക്കിട്ട് കേസ് എഴുതിത്തള്ളുന്നതെന്നാണ് ആക്ഷേപം.
സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കും അനുയായികൾക്കും അനധികൃതമായി നിയമനം നൽകിയതായും പരീക്ഷ എഴുതാത്തവർ പോലും ഇന്റർവ്യൂവിവിൽ പങ്കെടുത്ത് നിയമനം നേടിയതായും കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ കമ്പനിയിൽ മൂല്യനിർണയത്തിനയച്ച ഒ.എം.ആർ ഷീറ്റുകളിൽ 43 എണ്ണം കാണാതായി. കാണാതായ ഉത്തരക്കടലാസുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒ.എം.ആർ ഷീറ്രുകൾ ഹാജരാക്കാൻ ലോകായുക്ത ഉത്തരവിട്ടതോടെയാണ് നിയമന തട്ടിപ്പ് പുറത്തായത്. നിയമനങ്ങളിൽ സ്വജപക്ഷപാതവും അധികാര ദുർവിനിയോഗവും അഴിമതിയും നടന്നതായി ലോകായുക്ത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.സിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്. എ.ഡി.ജി.പി വിൻസൺ എം. പോളിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് വിജിലൻസ് കുറ്റപത്രം നൽകിയത്. അനധികൃതമായി നിയമനം കിട്ടിയവർക്ക് സ്ഥാനക്കയറ്റവും തടഞ്ഞുവച്ച ശമ്പളകുടിശികയും നൽകാൻ അനുമതി തേടി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സി.ബി.ഐ വേണം
നിയമനത്തട്ടിപ്പ് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പരാതിക്കാരനായ സുജിത് എസ്.കുറുപ്പും ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ചെയർമാൻ ആർ.എസ്. ശശികുമാറും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |