തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയർത്തി. മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകൾ രാവിലെ ഒമ്പത് മണിക്ക് തുറക്കും. വയനാട് ബാണാസുര സാഗറും തുറക്കും.
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്.
13 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. നിലവിൽ മലങ്കര അണക്കെട്ടിന്റെ 5ഷട്ടറുകൾ 10സെന്റീ മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ട് തുറന്ന് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. പാംബ്ലാ അണക്കെട്ട് ഇന്നലെ തുറന്നു.
മഴ ശക്തമായാൽ കല്ലാർകുട്ടി, ഹെഡ്‍വർക്സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും. നിലവിൽ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |