ബാങ്കോക്ക്: തായ്‌ലൻഡിൽ രാജകുടുംബത്തിനെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധം ശക്തി പ്രാപിക്കുന്നു. തായ്‌ലൻഡ് ഭരിക്കുന്ന മഹാവജിറലോങ്കോൺ രാജാവിന്റെ അധികാരങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയായ ബാങ്കോക്കിൽ ഇന്നലെ ആയിരക്കണക്കിനാളുകൾ പ്രതിഷേധിച്ചു.
രാജവംശത്തിനും സൈന്യത്തിനുമെതിരെ രാജ്യത്ത് പ്രതിഷേധം നടത്തുന്നത് തായ്‍ലൻഡിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടു വരികയാണ്. സംഭവത്തിൽ റോയൽ പാലസ് പ്രതികരിച്ചിട്ടില്ല. വർഷത്തിൽ പകുതിയും യൂറോപ്പിൽ ചെലവഴിക്കുന്ന രാജാവ് നിലവിൽ തായ്‍ലൻഡിലില്ല.
പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ആവശ്യങ്ങൾ എഴുതിയ നോട്ടീസ് പൊലീസിന് കൈമാറിയതോടെ പ്രതിഷേധക്കാർ വിജയം പ്രഖ്യാപിച്ചു. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനായി നോട്ടീസ് പൊലീസ് ആസ്ഥാനത്തേയ്ക്ക് കൈമാറുമെന്ന് മെട്രോപോളിറ്റൻ പൊലീസ് ബ്യൂറോ തലവൻ ഫാങ്ഫോങ് ഫോങ്ഫെത്ര അറിയിച്ചു.
രാജ്യത്തെ ഭരണക്രമത്തിൽ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി പ്രയുത് യാൻ ഓച്ചയെ നീക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം തായ്‍ലൻഡിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ്. പ്രതിഷേധത്തിന് ശേഷം ബാങ്കോക്കിലെ ഗ്രാൻഡ് പാലസിനു മുമ്പിലുള്ള ചത്വരത്തിൽ പ്രതിഷേധക്കാർ ഒരു ഫലകം സ്ഥാപിച്ചു.
അതേസമയം, ജനങ്ങളെ പിരിച്ചു വിടാൻ ബലം പ്രയോഗിക്കില്ലെന്നും പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നുമായിരുന്നു സർക്കാർ വക്താവ് അനുച ബുരാപചൈസ്രി വ്യക്തമാക്കിയത്. എന്നാൽ പ്രതിഷേധക്കാർ സ്ഥാപിച്ച ഫലകം നിയമപരമല്ലെങ്കിൽ നീക്കം ചെയ്യേണ്ടത് അധികൃതരാണെന്ന് പൊലീസും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |