ന്യൂഡൽഹി: കൃഷിയ്ക്കായി മലമുകളിൽ നിന്ന് മഴവെള്ളം ഗ്രാമത്തിലെത്തിക്കാൻ ഒറ്റയ്ക്ക് 30 വർഷം കൊണ്ട് മൂന്ന് കിലോമീറ്റർ കനാൽ നിർമിച്ച കർഷകന് ട്രാക്ടർ സമ്മാനം. ബിഹാറിലെ ഗയ ജില്ലയിൽ നിന്നുള്ള ലോങ്കി ഭുയാൻ എന്ന കർഷകന് ആനന്ദ് മഹീന്ദ്രയാണ് ട്രാക്ടർ സമ്മാനമായി നൽകിയത്. ലോങ്കി ഭുയാന്റെ മൂന്ന് പതിറ്റാണ്ടുകാലത്തെ അധ്വാനം വാർത്തയായിയിരുന്നു
ലോങ്കി ഭുയാന്റെ പ്രവൃത്തിയെക്കുറിച്ചുള്ള ട്വീറ്റ് ആനന്ദ് മഹീന്ദ്ര കാണാനിടയാവുകയും അദ്ദേഹത്തിന് ട്രാക്ടർ സമ്മാനിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് പറഞ്ഞതായും പ്രദേശത്തെ മഹീന്ദ്ര ഡീലർ സിദ്ധിനാഥ് വിശ്വകർമ പറഞ്ഞു.
'ലോങ്കി ഭുയാന് ട്രാക്ടർ സമ്മാനമായി നൽകണമെന്ന് നിർദേശിച്ചുകൊണ്ടുള്ള മെയിൽ തങ്ങളുടെ ഓഫിസിൽ ലഭിച്ചു. ഈ നിമിഷത്തിന്റെ ഭാഗമാവാൻ സാധിച്ച താൻ ഭാഗ്യവാനാണ്."- സിദ്ധിനാഥ് പറഞ്ഞു.
താൻ ഇന്ന് വളരെ സന്തോഷവാനാണെന്നും ഇതുപോലൊരു ട്രാക്ടർ ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും ലോങ്കി ഭുയാൻ പ്രതികരിച്ചു.
ഗയ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെ ലത്വ പ്രദേശത്തെ കോത്തിലാവയാണ് ലോങ്കി ഭുയാന്റെ ഗ്രാമം. മലകളും കാടുകളും നിറഞ്ഞ ഈ പ്രദേശം മാവോയിസ്റ്റുകളുടെ സങ്കേതമാണ്. കൃഷിയും കന്നുകാലി വളർത്തലുമാണ് ഗ്രാമീണരുടെ ജീവിതമാർഗം. സമീപത്തെ കാട്ടിൽ കാലികളെ മേയ്ക്കാനായി പോകാറുള്ള ലോങ്കി, കാലികൾ മേയുമ്പോൾ കനാൽ നിർമാണത്തിൽ മുഴുകാറായിരുന്നു പതിവ്. ഗ്രാമീണരിൽ പലരും ജീവിതമാർഗം തേടി നഗരങ്ങളിലേക്ക് ചേക്കേറിയപ്പോഴും ലോങ്കി ഗ്രാമത്തിൽ തുടർന്ന് കനാൽ നിർമാണം മുമ്പോട്ടു കൊണ്ടുപോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |