ന്യൂഡൽഹി: തന്നെ കരുതികൂട്ടി കേസിൽ കുടുക്കിയതാണെന്നും താൻ നിരപരാധിയാണെന്നും, ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുതിർന്ന ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകൻ രാജീവ് ശർമ പറഞ്ഞു. ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ആദിഷ് അഗർവാളാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ചൈനീസ് മാദ്ധ്യമത്തിന് വേണ്ടി ജോലി ചെയ്തിരുന്നുവെന്നത് നിഷേധിക്കുന്നില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ രഹസ്യരേഖകളും മറ്റും ചൈനയ്ക്ക് കൈമാറിയെന്നത് തെറ്റാണ്. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയെന്ന് പറയപ്പെടുന്ന രേഖകൾ പൊലീസ് കെട്ടിച്ചമച്ചതാണ്.
14ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നും എന്നാൽ അന്ന് നടത്തിയ പരിശോധനയിൽ പൊലീസിന് പിതംപൂരിലെ ഫ്‌ളാറ്റിൽ നിന്ന് യാതൊന്നും ലഭിച്ചിരുന്നില്ലെന്നും അഭിഭാഷകൻ പറയുന്നു. അടുത്ത ദിവസങ്ങളിൽ പൊലീസ് തന്നെ സി.ഡികൾ അടക്കം ഫ്ലാറ്റിൽ കൊണ്ടുവന്ന് വച്ചശേഷം മാദ്ധ്യമപ്രവർത്തകനെ കുടുക്കുകയായിരുന്നുവത്രേ. ഇക്കാരണങ്ങൾ കാണിച്ച് പാട്യാല കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഹർജി നാളെ പരിഗണിക്കും.
ആർ.എസ്.എസ് ബന്ധം
ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി (വി.ഐ.എഫ്) രാജീവ് ശർമയ്ക്ക് ബന്ധമുണ്ടെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലാണ് വി.ഐ.എഫിന്റെ സ്ഥാപക ഡയറക്ടർ. എന്നാൽ അറസ്റ്റിന് പിന്നാലെ രാജീവ് ശർമയുമായി ബന്ധപ്പെട്ട വെബ്‌പേജ് വിവേകാനന്ദ ഫൗണ്ടേഷൻ നീക്കം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |