തിരുവനന്തപുരം: പട്ടികജാതിക്കാരുടെ വീടിനോടുചേർന്ന് ഈ വർഷം 3750 പഠനമുറികൾ കൂടി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.12,250 പഠന മുറികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.
2021ൽ 8500 പഠനമുറികളും ഉണ്ടാക്കും. മുറി പൂർത്തിയാകുമ്പോൾ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ലഭ്യമാക്കും.
കമ്മ്യൂണിറ്റി ഹാളുകളിൽ 250 സാമൂഹ്യ പഠനമുറികൾ പൂർത്തിയായി. ഒരു മുറിയിൽ 30 വിദ്യാർത്ഥികൾക്ക് സൗകര്യമുണ്ടാകും. 500 സാമൂഹ്യ പഠനമുറികളാണ് ലക്ഷ്യം.
അഞ്ച് മുതൽ എട്ടാം ക്ലാസ് വരെയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 2000 രൂപ നൽകുന്നുണ്ട്. 1,20,000 കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നു.
പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും 50 ശതമാനം കൂട്ടി. പട്ടികജാതി വികസന വകുപ്പിന്റെ 44 ഐ.ടി.ഐകളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഏർപ്പെടുത്തി.
വിദേശത്തെ മികച്ച സർവകലാശാലകളിൽ പിജി കോഴ്സ് ചെയ്യുന്നതിന് പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വരെ നൽകും. സർക്കാരിന്റെ സിവിൽ സർവീസ് അക്കാഡമിയിൽ 300 പേർക്ക് സൗജന്യമായി പരിശീലനം നൽകും.
പട്ടികവർഗക്കാർക്ക് ഈ സർക്കാർ 29,710 വീടുകൾ പൂർത്തിയാക്കി. ഇതിൽ 11,000 വീടുകൾ ലൈഫ് പദ്ധതിയിലാണ് പണിതത്. 5,000ത്തോളം വീടുകളുടെ പണി ലൈഫ് പദ്ധതിയിൽ പുരോഗമിക്കുകയാണ്.
ഭൂരഹിതരായ 10,790 പട്ടികവർഗ കുടുംബങ്ങളിൽ 4682 പേർക്ക് 3787 ഏക്കർ ഭൂമി വിതരണം ചെയ്തു. ബാക്കിയുള്ള 6108 കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |