പത്തനംതിട്ട : വലുതും ചെറുതുമായ നാല്‍പ്പത്തിനാല് നദികളുടെ നാടാണ് കേരളം. എന്നാല്‍ കൈയ്യേറ്റങ്ങളും, അനിയന്ത്രിതമായ മണലെടുപ്പും കാരണം നദികളില്‍ ഭൂരിഭാഗവും മരണാസന്നമായ നിലയിലെത്തിയതോടെയാണ് നദീസംരക്ഷണത്തെക്കുറിച്ച് അധികാരികള്‍ ബോധവാന്‍മാരായത്. കേരളത്തിലെ ചെറുതും വലുതുമായ നിരവധി നീര്‍ത്തടങ്ങള്‍ക്കാണ് ഇത്തരത്തില്‍ പുതുജീവനേകാന്‍ സര്‍ക്കാരിനായത്. എന്നാല്‍ കേരളത്തിന്റെ സംസ്‌കാരത്തോട് ഇഴചേര്‍ന്ന് കിടക്കുന്ന നിളയെന്ന് വിളിപ്പേരുള്ള ഭാരതപ്പുഴയുടെ വീണ്ടെടുക്കലാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയില്‍ ഇപ്പോഴുള്ളത്. ഇതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് മെട്രോമാനായ ഇ ശ്രീധരനെയാണ് എന്നതാണ് ഏറെ ശ്രദ്ധേയം.
ശ്രീധരന്‍ ആദ്യമെത്തുന്നത് വരട്ടയാറില്‍
ഭാരതപ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കലെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത ഇ ശ്രീധരന്‍ ആദ്യം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത് പത്തനംതിട്ടയിലെ വരട്ടയാറിലാണ്. പമ്പയാറിന്റെ കൈവഴിയായ വരട്ടയാര്‍ വഴിമുടങ്ങി ജലപ്രവാഹം നിലച്ച് വരണ്ടുണങ്ങി കൈയേറ്റത്താല്‍ അപ്പാടെ കരഭൂമിയായിരുന്നു ഒരിക്കല്‍, എന്നാല്‍ ഇന്ന് വരട്ടയാര്‍ വരണ്ട് കിടക്കുകയല്ല, വര്‍ഷം മുഴുവന്‍ ജലസാന്നിദ്ധ്യംകൊണ്ട് ഇരമ്പിയൊഴുകുകയാണ്. ഇ ശ്രീധരനെപോലും ശ്രദ്ധിക്കാന്‍ ഇടവരുത്തിയ പ്രവര്‍ത്തനങ്ങളാണ് വരട്ടയാറിന് വേണ്ടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്നത്. ലോക നദി ദിനമായ ഇന്ന് ആ വിജയഗാഥയറിയാം.
2013ല്‍ അന്നത്തെ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍.രാജീവ് പത്തനംതിട്ട കളക്ടറായിരുന്ന പ്രണബ് ജ്യേതിനാഥിനെ കണ്ട് വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചാല്‍ ഇരിവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാം എന്ന ആശയം അവതരിപ്പിച്ചു. കളക്ടര്‍ പ്ലാന്‍ ആവശ്യപ്പെട്ടു. ഇരവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് നടപടികള്‍ നീക്കി. ജനകീയ കൂട്ടായ്മ രൂപീകരിച്ച് നടപ്പാക്കാമെന്ന നിര്‍ദ്ദേശത്തോടെ പദ്ധതി 2017ല്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമയ്ക്ക് സമര്‍പ്പിച്ചു. 'വരട്ടെ ആര്‍' എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് പിറന്നു. ജനകീയ ധനസമാഹരണത്തില്‍ 28.52 ലക്ഷം രൂപ ലഭിച്ചു. ആദ്യ ദിവസത്തെ ചെലവ് 16800 രൂപ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് നല്‍കി. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്തില്‍ പുഴ നടത്തം ജനകീയ പരിപാടിയായി. വരട്ടാറിന്റെ വീണ്ടെടുപ്പ് പ്രഖ്യാപനം. സെപ്തംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
വരട്ടയാറിന്റെ വിജയഗാഥ ഇ ശ്രീധരന്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായി എത്തിയ കൊവിഡും ലോക്ക്ഡൗണുമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ നീട്ടിക്കൊണ്ട് പോകുന്നത്. ഈ കെട്ടകാലം മാറുമ്പോള്‍ വരട്ടയാറിന്റെ തീരത്ത് ഇ ശ്രീധരന്‍ എത്തും മലയാളിയുടെ സ്വന്തമായ നിളയെ വീണ്ടെടുക്കാനുള്ള പ്രചോദനം തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |