കൊച്ചി: എയർ കാർഗോയിൽ നിന്ന് മതഗ്രന്ഥങ്ങൾ കോൺസുലേറ്റിലേക്ക് എത്തിച്ചവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. വാഹന ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നുമാണ് വിവരങ്ങൾ തേടുന്നത്. എന്നാൽ കൊണ്ടുപോയത് മതഗ്രന്ഥമെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് വാഹന ഉടമ പറയുന്നത്. മാർച്ച് നാലിനാണ് മതഗ്രന്ഥങ്ങൾ യു എ ഇ കോൺസുലേറ്റിലേക്ക് കൊണ്ടുപാേയത്.
അതിനിടെ നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിച്ച സംഭവത്തിൽ യുഎഇ കോൺസുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം തുടങ്ങി. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിക്കുക എന്നാണ് റിപ്പോർട്ട്. കോൺസുൽ ജനറലിനെ അടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തിൽ തുടർനടപടി സാദ്ധ്യമാകണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കണം. ഇക്കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയെന്നും റിപ്പോർട്ടുണ്ട് . അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന.
കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടിസ് നൽകി. അനാഥാലയങ്ങൾക്ക് ഈന്തപ്പഴം വിതരണം ചെയ്തതിന്റെ കണക്കും കസ്റ്റംസ് ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |