തൃശൂർ: നഗരത്തിന്റെ പരിമിതികൾക്കുള്ളിൽ തന്നെ ചെലവു കുറഞ്ഞ രീതിയിൽ പോഷകപ്രദവും സുരക്ഷിതവുമായ പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും ഉത്പാദനം ലക്ഷ്യമിട്ട് നിയോജക മണ്ഡലത്തിൽ 'സുഭിക്ഷ നഗരം' കാർഷിക പദ്ധതി വരുന്നു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ പദ്ധതി തുടങ്ങാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. റസിഡന്റ്‌സ് അസോസിയേഷനുകൾ വഴിയും മറ്റും ഓരോ വീട്ടിലും പരമ്പരാഗത കിഴങ്ങുവർഗ്ഗവിളകളുടെയും ഇലവർഗ്ഗ പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടേയും നടീൽ വസ്തുക്കൾ അടങ്ങിയ 'പോഷകജീവനി' കിറ്റുകളാണ് നൽകുന്നത്. കൂൺ വളർത്തൽ കേന്ദ്രം ആരംഭിക്കുന്നതിന് ധനസഹായവും നൽകും. കൂൺ വിത്തും പരിശീലനവും കേരള കാർഷിക സർവകലാശാല വഴി ആരംഭിക്കും. തേനീച്ച വളർത്തലിൽ ഹോർട്ടികോർപ്പ് വഴി പരിശീലനം നൽകും. സാദ്ധ്യമായ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കും.
നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന ജീവനി ക്ലബ്ബിലെ അംഗങ്ങൾക്ക് കാർഷികാധിഷ്ഠിത വിഷയങ്ങളിൽ ഓൺലൈനായി പരിശീലനം നൽകും. സാദ്ധ്യമായ എല്ലാ സർക്കാർ ഇതര സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കും. വിദ്യാർത്ഥികളിൽ കൃഷിയോട് ആഭിമുഖ്യം ഉയർത്തുന്നതിനായി സഹകരണ ബാങ്കുകളുമായി സഹകരിച്ച് കൃഷി സഞ്ചയിക പദ്ധതി ആരംഭിക്കും. തരിശായിക്കിടക്കുന്ന പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കും.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സാദ്ധ്യമായ സ്ഥലങ്ങളിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ എന്നിവയുടെ കൃഷിക്ക് പുറമേ ആരാധനാ പുഷ്പങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തും. സഹകരണ ബാങ്കുകളുടെ സഹായത്തോടെ കർമ്മ സേന രൂപീകരിക്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ പ്ലാറ്റ്‌ഫോമും മൊബൈൽ വിപണനകേന്ദ്രവും ഒരുക്കും. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയും നിലവിലുണ്ട്. 2020 ജനുവരി മുതൽ 2022 ഏപ്രിൽ വരെയുള്ള കാലയളവിൽ എല്ലാ കുടുംബങ്ങൾക്കും സുരക്ഷിത ഭക്ഷണം പ്രാപ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
"സ്‌കൂൾ ഒഫ് ഡ്രാമ കാമ്പസിലും കാർഷികവികസന പദ്ധതിയുടെ ഭാഗമായി 'സുഭിക്ഷനഗരം' നടപ്പാക്കും. ജൈവവൈവിദ്ധ്യം ഉൾക്കൊണ്ട് കാമ്പസിൽ നെല്ലി, അരിനെല്ലി, പ്ലാവ്, മാവ്, മാതളം, പപ്പായ, പാഷൻഫ്രൂട്ട്, റമ്പൂട്ടാൻ തുടങ്ങിയവയും ഔഷധസസ്യങ്ങളും ഇലവർഗങ്ങളും വെച്ചുപിടിപ്പിക്കും.
വി.എസ് സുനിൽകുമാർ,
കൃഷിമന്ത്രി
സ്‌കൂൾ ഒഫ് ഡ്രാമയിൽ തുറസരങ്ങിന്റെ നിർമാണോദ്ഘാടനച്ചടങ്ങിൽ
"സുഭിക്ഷ നഗരം' പദ്ധതി വഴി ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തി കാർഷിക അഭിവൃദ്ധി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കുന്ന ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. ഗ്രോബാഗുകളിലും തൊടികളിലും കൃഷി ചെയ്യാനാവും.
മിനി
പ്രിൻസിപ്പൽ കൃഷി ഓഫീസർ
തൃശൂർ
പോഷകജീവനി കിറ്റിൽ
15 ഇനങ്ങൾ (ചീര, ഇഞ്ചി, മഞ്ഞൾ, പേര, നെല്ലി)
1000 കിറ്റുകൾ ആദ്യഘട്ടവിതരണത്തിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |