കൊച്ചി: കൊതുകുകൾ പെരുകി ജനങ്ങൾക്ക് ദുരിതമാകുന്നത് തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ജനങ്ങളും ഉത്തരവാദിത്വം നിറവേറ്റണം.
തിരുവനന്തപുരം സ്വദേശി കെ.ആർ. രഞ്ജിത് ഏഴു വർഷം മുമ്പ് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.നഗരങ്ങളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ എല്ലാ ദിവസവും നീക്കം ചെയ്യുന്നുണ്ടെന്ന് കോർപ്പറേഷനുകളും സർക്കാരും ഉറപ്പാക്കണം. കൊതുകു ശല്യമില്ലാതെ ജീവിക്കാനും ഡങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പിടിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാർ, ആരോഗ്യവകുപ്പ് ഡയറക്ടർ, രണ്ടു കോർപ്പറേഷനുകളുടെയും സെക്രട്ടറിമാർ, ജില്ലാ കളക്ടർ എന്നിവരാണ് എതിർകക്ഷികൾ.
ഗുരുതരമായ രോഗങ്ങൾക്ക് കൊതുകുകൾ കാരണമാകുമ്പോൾ സർക്കാരിനും കോർപ്പറേഷനുകൾക്കും കാണികളായിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നഗരം, കാനകൾ, ജലാശയങ്ങൾ, പൊതുസ്ഥലങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾക്കും ചുമതലയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |