തിരുവനന്തപുരം :കർഷക ജീവിതം തകർക്കുന്ന കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എം.പി മാരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു .
കഴിഞ്ഞ 6 വർഷത്തിനിടെ 60,000 ത്തിലേറെ കർഷകർ ആത്മഹത്യ ചെയ്ത രാജ്യമാണിത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ളതാണ് നിയമ നിർമ്മാണമാണം. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിംഗിന്റെ അടിമകളാക്കുന്നത് നാടിനെ നാശത്തിലേക്കാണ് നയിക്കുക. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടേത് രാജ്യത്തിന്റെ ജീവൽപ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക ബിൽ നടപ്പാക്കുന്നത് ചർച്ചയില്ലാതെ: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം:നോട്ടുനിരോധനവും ജി.എസ്.ടിയും നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബി.ജെ.പി സർക്കാർ കാർഷിക ബില്ലുമായി മുന്നോട്ടുപോകുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു .
കാർഷിക ബിൽ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ അതേക്കുറിച്ച് തുറന്ന ചർച്ചയെ എന്തിനാണ് ഭയക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റിലാണ് കൃഷി ഉൾപ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല.
നോട്ടുനിരോധനവും ജി.എസ്.ടിയും കൊവിഡും രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കാർഷിക ബില്ലിന്റെ വരവ്. ഇന്ത്യയുടെ മൊത്തം മൂല്യവർധനവിൽ കാർഷികമേഖലയുടെ പങ്ക് 2012-13ൽ 17.8% ആയിരുന്നത് 2017-18ൽ 14.9% ആയി കുറഞ്ഞിരിക്കുകയാണ്. കർഷക ആത്മഹത്യകൾ കുതിച്ചുയരുന്നു. ഇത്രയും വലിയ ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഏതൊരു നിയമവും അതീവ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
റാബി വിളകൾക്ക് താങ്ങുവില കൂട്ടി
ന്യൂഡൽഹി :കർഷക ബില്ലുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ.
50 മുതൽ 300 രൂപവരെയാണ് താങ്ങുവില വർദ്ധിപ്പിക്കുന്നതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയെ അറിയിച്ചു.ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 50 രൂപ വർദ്ധിച്ച് 1,975 രൂപയാകും. പരിപ്പിന് 300 രൂപയും കടുകിന് 225 രൂപയും ചനയുടേത് 250 രൂപയും കൂടും.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി വില വർദ്ധനയ്ക്ക് അംഗീകാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |