ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ പ്രവർത്തകർ
ഒരാൾ ബംഗളൂരൂ സ്ഫോടനക്കേസ് പ്രതി
തിരുവനന്തപുരം: മൂന്ന് അൽ ക്വയ്ദ ഭീകരരെ കൊച്ചിയിൽ പിടികൂടിയതിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇന്നലെ അറസ്റ്റ് ചെയ്തു. പത്തുവർഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമായ കണ്ണൂർ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയ്ബയ്ക്ക് ഹവാലാ മാർഗ്ഗത്തിൽ ഫണ്ടെത്തിക്കുന്ന ഉത്തർപ്രദേശ് സഹറൻപൂർ ദിയോബന്ദ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ വൈകിട്ട് ആറേകാലിന് റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിലെത്തിയ ഇരുവരെയും എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവർക്കുമെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായിരുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. ഇയാൾക്കെതിരെ ബംഗളൂരുവിൽ എട്ട് കേസുകളുണ്ട്. 2008ലെ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ ഇയാൾ ഒളിവിൽപോയി. പിന്നീട് വ്യാജ പാസ്പോർട്ടിൽ സൗദിയിലേക്ക് കടന്നു.
രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നവരെക്കുറിച്ചും വിദേശത്ത് സഹായം ചെയ്യുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് കണ്ടെത്താനാകുമെന്ന് എൻ.ഐ.എ പറഞ്ഞു. സൗദിയിലെ നിർമ്മാണ കമ്പനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എൻ.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായവും തേടി.
നീക്കം അതീവ രഹസ്യം
പൊലീസിനെ അറിയിക്കാതെ തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് എൻ.ഐ.എ പ്രതികളെ പിടികൂടിയത്. വിമാനമെത്തുന്നതിന് പത്തു മിനിട്ടിന് മുൻപ് എൻ.ഐ.എ, റാ, ഐ.ബി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി. എയർപോർട്ട് അധികൃതരെപ്പോലും അവസാന നിമിഷമാണ് വിവരമറിയിച്ചത്. രണ്ടരമണിക്കൂർ വിമാനത്താവളത്തിൽ ചോദ്യംചെയ്ത ശേഷം ഗുൽനവാസിനെ ആദ്യം പുറത്തെത്തിച്ചു. പിന്നീട് അര മണിക്കൂറിനു ശേഷമാണ് ഷുഹൈബിനെ എത്തിച്ചത്. രണ്ട് പ്രതികളയും കൊച്ചിയിലേക്ക് കൊണ്ടുപോയി. ട്രാൻസിറ്റ് വാറണ്ട് നേടി ഷുഹൈബിനെ ബംഗളൂരുവിലെയും ഗുൽനവാസിനെ ഡൽഹിയിലെയും എൻ.ഐ.എ ഓഫീസുകളിലേക്ക് കൊണ്ടുപോവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |