മുംബയ്: കുടുംബത്തിൽ ഏറ്റവുമധികം പ്രധാന്യമേറിയതും ഏറ്റവും വെല്ലുവിളികൾ നേരിടുന്നതും വീട്ടമ്മമാരുടെ ജോലിയാണെന്ന് ബോംബെ ഹൈക്കോടതി. വീട്ടമ്മയുടെ മരണത്തെ തുടർന്ന് അവരുടെ കുടുംബാംഗങ്ങൾ പ്രതിഫലം നൽകേണ്ടതാണെന്ന് മുൻപ് നിരീക്ഷിച്ച ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ച് തന്നെയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാനും ഭർത്താവിന് താങ്ങായും കുട്ടികൾക്ക് വഴികാട്ടിയും ആശ്രയമായും വീട്ടിലെ മുതിർന്നവരുടെ സഹായിയായും വീട്ടമ്മമാർ വലിയ സേവനമാണ് ചെയ്യുന്നതെന്ന് ബെഞ്ചിലെ ജസ്‌റ്റിസ് അനിൽ കിലോർ അഭിപ്രായപ്പെട്ടു.എന്നാൽ അവർ ഈ ചെയ്യുന്ന ജോലികൾ അംഗീകാരം ലഭിക്കാതെ പോകുകയാണ്. അതിൽ നിന്നും വരുമാനം ലഭിക്കാത്തതിനാൽ ഒരു ജോലിയായി പോലും നാമത് കാണുന്നില്ല. അമരാവതിയിലെ രംഭവ് ഗവായും രണ്ട് പുത്രന്മാരും മോട്ടോർ അപകട നഷ്‌ടപരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2005ൽ ഇവരുടെ കുടുംബത്തിനുണ്ടായ അപകടത്തിൽ രംഭവ് ഗവായിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. എന്നാൽ തുടർന്ന് നടന്ന കേസിൽ 2007ൽ ട്രിബ്യൂണൽ ഇവർക്ക് നഷ്‌ടപരിഹാരം നൽകേണ്ടെന്ന് വിധിച്ചു. കാരണം ഗവായിയുടെ ഭാര്യയ്‌ക്ക് ജോലിയില്ലാത്തതായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2001ൽ സുപ്രീംകോടതിയുടെ ഒരു വിധിന്യായത്തെ ജസ്‌റ്റിസ് അനിൽ കിലോർ പരാമർശിച്ചു. വീട്ടമ്മ മരണപ്പെട്ടാൽ ആ വ്യക്തിയുടെ കുടുംബത്തോടുളള സേവനം കണക്കാക്കി നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു അന്ന് പുറപ്പെടുവിച്ച വിധി. തുടർന്ന് അപകടമരണത്തിൽ 8.22 ലക്ഷം നഷ്‌ടപരിഹാരം നൽകാനും അത് ഇൻഷുറൻസ് കമ്പനി തന്നെ നൽകാനും കോടതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |