ബെർലിൻ: റഷ്യൻ പ്രതിപക്ഷ നേതാവും, പ്രസിഡന്റ് വ്ളാഡിദിമർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി തിരികെ ജീവിതത്തിലേക്ക്.അതി മാരകമായ രാസവിഷബാധയേറ്റ് ആഴ്ചകളായി ജർമ്മനിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പൂർണ രോഗമുക്തി നേടിയതായും ഇന്നലെ വൈകിട്ട് ഡിസ്ചാർജ്ജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. 32 ദിവസമാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. രണ്ടാഴ്ചയോളം കോമയിലായിരുന്നു.
ആഗസ്റ്റ് 20ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അദ്ദേഹത്തിന് വിഷബാധയേറ്റത്. വിമാനത്താവളത്തിൽ അദ്ദേഹം കുടിച്ച ചായയിൽ വിഷം കലർന്നിരുന്നുവെന്നാണു കരുതുന്നത്. വിമാനം അടിയന്തരമായി നിലത്തിറക്കി നവൽനിയെ സൈബീരിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബെർലിനിലേക്ക് മാറ്റുകയായിരുന്നു.
സൈബീരിയയിലെ ഡോക്ടർമാർ വിഷബാധ ആരോപണം തള്ളിയിരുന്നു. എന്നാൽ ബെർലിനിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നവൽനിയുടെ ശരീരത്തിൽ സോവിയറ്റ് യൂണിയന്റെ കാലത്ത് റഷ്യ ശത്രുക്കൾക്കെതിരെ പ്രയോഗിച്ചിരുന്ന 'നോവിചോക്' എന്ന കൊടിയ രാസവിഷം ബാധിച്ചതായി കണ്ടെത്തിയിരുന്നു.
പുടിൻ അനുയായികൾ പലപ്പോഴായി നവൽനിയെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാൽ പുടിനാകട്ടെ, നേരിട്ട് ഇതുവരെ അലക്സി നവൽനി എന്ന പേര് പരാമർശിക്കുക പോലുമില്ല. എന്നാൽ ഇന്ന് ലോകരാജ്യങ്ങളുടെ തലവന്മാർ പലരും റഷ്യയോട് നവൽനി വിഷയത്തിൽ ഒരു പ്രതികരണം ആരായുന്ന സാഹചര്യത്തിൽ ചിലപ്പോൾ പുടിൻ പ്രതികരിച്ചേക്കാം.
'ഫ്രാൻസിലെയും സ്വീഡനിലേയും രണ്ട് സ്വതന്ത്രലാബുകളിൽ നടത്തിയ പരിശോധനയിൽ എന്റെ ശരീരത്തിൽ നോവിചോക്കിന്റെ സാന്നിദ്ധ്യം വ്യക്തമായി. ജർമ്മനിയിലെ ആശുപത്രിയിലേക്ക് മാറ്റും മുമ്പ് റഷ്യൻ അധികൃതർ കൈവശപ്പെടുത്തിയ എന്റെ വസ്ത്രങ്ങൾ തിരിച്ചുതരണം. കാരണം അവയിലെ വിഷാംശം പ്രധാനപ്പെട്ട തെളിവാണ്."
- നവൽനി ബ്ളോഗിൽ കുറിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |