ന്യൂഡൽഹി: കുടുംബത്തിൽ വീട്ടമ്മയുടെ സ്ഥാനം ഏറ്റവും വിലപ്പെട്ടതാണെന്നും എന്നാൽ അവർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ രാംഭുവയും രണ്ട് ആൺമക്കളും അമ്മയുടെ അപകടമരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ഉത്തരവാദിത്വം നിറഞ്ഞ ഒട്ടനവധി ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ഇതിനൊന്നും വീട്ടമ്മമാർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാറില്ല. ഒരു ദിവസം പോലും ലീവെടുക്കാതെ 24 മണിക്കൂറും ജോലിയെടുക്കുന്നവരാണ് ഇവർ. മാസശമ്പളം ലഭിക്കാത്തതിനാൽ അവർ ചെയ്യുന്നത് ജോലിയായി ആരും പരിഗണിക്കാറില്ല.
2005 മാർച്ചിലാണ് രാംഭുവയുടെ ഭാര്യ ബേബിഭായ് റോഡപകടത്തിൽ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരം നൽകണമെന്ന രാംഭുവയുടെ ആവശ്യം അംഗീകരിക്കാൻ അമരാവതി മോട്ടോർ വാഹന ട്രൈബ്യൂണൽ തയാറായില്ല. ബേബിഭായ് സമ്പാദിക്കുന്ന വ്യക്തിയല്ലെന്നാണ് കോടതി ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പിന്നീട്, രാംഭുവ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ബോബെ ഹൈക്കോടതി രാംഭുവക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ചു. വീട്ടമ്മ എന്ന നിലക്ക് ബേബിഭായുടെ വരുമാനം 3,000 രൂപയും തൊഴിലാളി എന്ന നിലക്ക് 3,000 രൂപയും ലഭിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതുപ്രകാരം 8.2 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഭർത്താവും മക്കളും അർഹരാണെന്നും കോടതി വിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |