മുംബയ്: മുംബയിൽ മഴക്കെടുതി ശക്തമാകുന്നതിനിടെ സെൻട്രൽ മുംബയ് നതാനി റെസിഡൻസിയിലെ ലിഫ്റ്റിലെ വെള്ളത്തിൽ മുങ്ങി രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ചു. ജമീർ അഹ്മദ് (32), ഷെഹ്സാദ് മൊഹമ്മദ് സിദ്ധിക് മേമൻ (37) എന്നിവരാണ് മരിച്ചത്.
ജല വിതരണത്തിനായുള്ള വാൽവ് തുറക്കാനായി ബേസ്‌മെന്റിലെത്താൻ ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടം നടന്നത്. രാത്രി മുഴുവൻ നീണ്ട് നിന്ന കനത്ത മഴമൂലം ബേസ്‌മെന്റിൽ വെള്ളം കയറിയിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്നയുടൻ വെള്ളം അകത്തേക്ക് ഇരച്ചുകയറി. പിന്നീട്, വാതിൽ തുറക്കാനോ പുറത്തിറങ്ങാനോ സാധിച്ചില്ല. ഫയർ അലാം മുഴങ്ങിയതോടെ ഫ്ലാറ്റിലുള്ളവർ പൊലീസിനെ വിവരം അറിയിച്ചു.അഗ്നിശമന സേന സ്ഥലത്തെത്തി വാതിൽ പൊളിച്ചപ്പോഴേക്കും ഇരുവരും മുങ്ങി മരിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയെത്തുടർന്ന് മുംബയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഇന്നലെ പൊതുഗതാഗതവും ട്രെയിൻ ഗതാഗതവും താറുമാറായി. സർക്കാർ സ്വകാര്യ ഓഫീസുകൾക്കെല്ലാം ഇന്നലെ അവധി നൽകി. ഹൈക്കോടതിയും പ്രവർത്തിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |