കോട്ടയം: അമ്പലപ്പുഴ പാൽപ്പായസം പോലെ പ്രസിദ്ധമായ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ഉഷഃപായസം ജാതിഭേദമെന്യേ കരക്കാർക്കെല്ലാം നൽകാൻ ദേവസ്വം ബോർഡ് ഉത്തരവിറക്കി. കന്നിമാസത്തിലെ തിരുവോണം നാളിൽ കരക്കാർക്ക് ഉഷഃപായസം സൗജന്യമായി നൽകണമെന്ന് പതിവു ബുക്കിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ക്ഷേത്ര ഭരണസമിതിയുടെ ഒത്താശയിൽ അത് 'കരയോഗ'ക്കാർക്കായി പരിമിതപ്പെടുത്തിയിരുന്നു.അവകാശം ചോദിച്ച് നാട്ടുകാർ ക്ഷേത്രോപദേശക സമിതി മുതൽ ബോർഡ് കമ്മിഷണർക്കു വരെ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. നീതിനിഷേധം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയുമായിരുന്നു.വിവരാവകാശ നിയമപ്രകാരം നിയമാവലിയുടെ പകർപ്പ് ലഭിച്ചതോടെയാണ് ഉഷഃപായസ വിതരണത്തിലെ കള്ളക്കളി പുറത്തായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് അപേക്ഷ സമർപ്പിച്ചിട്ടും 'പതിവ് ബുക്കിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കാനാവില്ലെന്നും കാലങ്ങളായി ഒരു പ്രത്യേക സമുദായം കൈവശം വച്ചിരിക്കുന്ന അവകാശം മറ്റാർക്കും വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള' നിലപാടിൽ സബ് ഗ്രൂപ്പ് ഓഫീസർ ഉറച്ചു നിന്നു. ഇതും കേരളകൗമുദി വാർത്തയാക്കി. പ്രതിഷേധം ശക്തമായതോടെ സ്പെഷ്യൽ ഉഷഃപായസം തയ്യാറാക്കി നാട്ടുകാർക്ക് വിതരണം ചെയ്യാൻ ഉപദേശകസമിതിയെ ഏൽപ്പിച്ചു. നേദിച്ച ഉഷഃപായസം പതിവുപോലെ കരയോഗം സെക്രട്ടറിക്കും നൽകി. ഉപദേശകസമിതി വിതരണംചെയ്ത സ്പെഷ്യൽ പായസത്തിന്റെ രുചി വ്യത്യാസം മനസിലാക്കിയ നാട്ടുകാരിൽ പലരും എതിർപ്പ് കടുപ്പിച്ചു. വീണ്ടും കമ്മിഷണർക്ക് പരാതി നൽകിയതോടെ ദേവസ്വം ബോർഡ് അന്വേഷണമായി. പതിവ് ബുക്കിൽ 'കരയോഗത്തിന് അവകാശം' എന്ന കള്ളക്കളി തിരുത്തി 'കരക്കാർക്ക് അവകാശം' എന്നാക്കി ഉത്തരവിറക്കി.കന്നിമാസത്തിൽ തിരുവോണ നാളിലെ ഉഷഃപായസം (ഈ സെപ്തംബർ 27ന് ) രാവിലെ ഭക്തജനങ്ങൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് വിതരണം ചെയ്യുമെന്ന് സബ് ഗ്രൂപ്പ് ഓഫീസറും ഉത്തരവിറക്കി.
'ദേവസ്വം ബോർഡിനു കീഴിലുള്ള ചില ക്ഷേത്രങ്ങളിലെങ്കിലും ഇന്നും തുടരുന്ന ജാതി വിവേചനങ്ങളുടെ ഉദാഹരണം തിരുവാർപ്പ് ക്ഷേത്രത്തിലുമുണ്ട്. അതിലൊന്നാണ് ഉഷഃപായസ വിതരണം. ജാതിഭേദമെന്യേ കരക്കാരുടെ അവകാശം നേടിയെടുക്കാൻ മുന്നിട്ടിറങ്ങിയ കേരളകൗമുദിക്ക് അഭിനന്ദനം.
എം.മധു, (പ്രസിഡന്റ് ) , ആർ.രാജീവ്, (സെക്രട്ടറി )
കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ
-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |