തിരുവനന്തപുരം: ''കാലിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല. ചെറിയ ഉളുക്കായിരുന്നു...''
അപ്പോൾ ഇനി അഭിനയിക്കാം അല്ലേ?'' ഞാൻ റെഡി. പക്ഷേ ലോകം മൊത്തം രോഗമല്ലേ. അതു കഴിയട്ടെ...''
87ാം പിറന്നാൾ സദ്യ ഉണ്ടപ്പോൾ നടൻ മധുവിന് ഉന്മേഷം കൂടി. മധു കൂടുതൽ ചെറുപ്പമാവുകയാണ്...
കഴിഞ്ഞ പിറന്നാളിന് കണ്ടപ്പോൾ നടക്കാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. ലൂസിഫറിന്റെ ഷൂട്ടിംഗിനു പോകാൻ തയ്യാറെടുത്തപ്പോഴാണ് വെർട്ടിഗോ പോലത്തെ ഒരസുഖം ഉണ്ടായത്. പിന്നെ അഭിനയിക്കാനൊന്നും പോയില്ല. വേറെ പ്രശ്നമില്ല. എന്നാലും ഒരു കോൺഫിഡൻസ് കുറവ്. അഭിനയിക്കാൻ താത്പര്യമില്ലെന്നല്ല. എഴുന്നേല്ക്കാൻ വയ്യാതായാൽ എന്തു ചെയ്യും? എന്നായിരുന്നു ആശങ്ക.ഇപ്പോഴും ചെറിയ വ്യായാമവും യോഗയുമൊക്കെ ചെയ്യും. അതിരാവിലെ എണീറ്റോ കൃത്യസമയം പാലിച്ചൊ ഒന്നുമല്ല. തോന്നുമ്പോൾ ചെയ്യും. അതാണ് മധുസാറിന്റെ സ്റ്റൈൽ. രാവിലെ ഉണരുന്ന ശീലമേ ഇല്ല. പുലർച്ചെ മൂന്നു വരെയൊക്കെ സിനിമകൾ കണ്ടിരിക്കും. പകൽ പതിനൊന്നര പന്ത്രണ്ടാകും ഉണരാൻ. ഇന്നലെ ആ ശീലം തെറ്റി. രാവിലെ ആറു മുതൽ ഫോണിൽ വിളിയോടു വിളി. ''എന്നെ അറിയാവുന്നവരെല്ലാം വിളിച്ചു. പിറന്നാൾ ആശംസിക്കുകയാണ്. കലി വന്നെങ്കിലും സ്നേഹമുള്ളതുകൊണ്ടല്ലേ അവരൊക്കെ വിളിക്കുന്നതെന്നോർത്തപ്പോൾ സന്തോഷം തോന്നി. ജന്മനക്ഷത്രം നോക്കിയാണ് പിറന്നാളാഘോഷം. അത് മിനിയാന്നായിരുന്നു. അന്ന് പായസം കഴിച്ചു''- അദ്ദേഹം പറഞ്ഞു.
പലരും നേരിട്ടു കാണണമെന്നു പറഞ്ഞു. ഞാൻ വരണ്ടെന്നു പറഞ്ഞു. ഗേറ്റ് പൂട്ടി. കൊവിഡ് കാലമല്ലേ. എനിക്കു പേടിയില്ല. വീട്ടുകാർക്ക് പേടിയുണ്ട്. ഞാൻ കാരണം അവർക്കു ബുദ്ധിമുട്ട് ഉണ്ടാവരുതല്ലോ.
ബോറടിച്ചപ്പോൾ ദുശീലങ്ങൾ നിറുത്തി
മദ്യപാനം വളരെ അപൂർവം. പണ്ട് ദിവസവും രാത്രിയിൽ സ്ഥിരമായിരുന്നു. എന്നും വൈകിട്ട് കൂട്ടുകാരുമൊത്ത് കൂടുമായിരുന്നു. ബോറായപ്പോൾ നിറുത്തി. ദിവസം ഒരു കെട്ട് ബീഡി വലിക്കുമായിരുന്നു. സിഗരറ്റും പുകയില കൂട്ടിയുള്ള മുറുക്കും ഉണ്ടായിരുന്നു. ലൊക്കേഷനിലും മുറുക്കാൻ ചെല്ലവുമായി ഒരാൾ കാണും. പിന്നെ അതും ബോറായി. പത്തിരുപത് വർഷം മുമ്പ് എല്ലാം നിറുത്തി.
വിലാസം നടൻ മധു
പത്മശ്രീ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ എത്തിയെങ്കിലും 'നടൻ മധു' എന്ന വിളി കേൾക്കാനാണ് ഇഷ്ടം. സ്വയം പരിചയപ്പെടുത്തുന്നതും അങ്ങനെയാണ്. ഫോണെടുത്ത് 'അതേ സിനിമാ നടൻ മധുവാണ് സംസാരിക്കുന്നത്' എന്നാണ് പറയാറ്. അത്രമേൽ നടൻ എന്ന വിലാസം ആസ്വദിക്കുന്നു. 87ാം വയസിലും അങ്ങനെ തന്നെ. ഇനിയും അങ്ങനെ തന്നെയായിരിക്കും. കോളേജ് അദ്ധ്യാപകന്റെ ജോലി രാജിവച്ച് അഭിനയം പഠിച്ചെത്തിയ അദ്ദേഹത്തിന് സിനിമ എന്നും ഭാഗ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |