ക്ലൗഡിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് എത്തിച്ച പാഴ്സലുകൾ സർക്കാർ സ്ഥാപനമായ സി-ആപ്‌റ്റ് അനധികൃതമായി മലപ്പുറത്ത് കൊണ്ടുപോയ സംഭവത്തിൽ അട്ടിമറി സംശയിച്ച് എൻ.ഐ.എ.
മലപ്പുറത്തേക്കുള്ള സി-ആപ്‌റ്റ് വാഹനത്തിലെ ജി.പി.എസിന്റെ പ്രവർത്തനം നിറുത്തിയത് ബോധപൂർവമെന്നാണ് നിഗമനം. വാഹനത്തിലുള്ള കണക്ഷൻ വിച്ഛേദിച്ചാലും ആറു മണിക്കൂർ ജി.പി.എസ്. പ്രവർത്തിക്കും. സി-ആപ്‌റ്റിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ക്ലൗഡ് സെർവറിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് എൻ.ഐ.എ ശ്രമം.സി-ആപ്‌റ്റിലെ വാഹനത്തിൽ കളളക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സി-ആപ്‌റ്റിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
തൃശൂരിലെത്തിയ ശേഷമാണ് വാഹനത്തിന്റെ ജി.പി.എസ്. പ്രവർത്തനരഹിതമായത്. തുടർന്ന് വാഹനം ട്രാക്ക് ചെയ്യാൻ സാധിച്ചിരുന്നില്ല. ജി.പി.എസ്.സംവിധാനത്തിന്റെ റെക്കോഡറും ലോഗ് ബുക്കും എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി-ആപ്‌റ്റിലെ നാലു വാഹനങ്ങളിൽ കെൽട്രോണാണ് ജി.പി.എസ്. സംവിധാനം 2017ൽ ഘടിപ്പിച്ചത്. ഇതുവരെ ഒരു തകരാറും സംഭവിച്ചിട്ടില്ല. തൃശ്ശൂരിലെത്തിയശേഷം ജി.പി.എസ്. പ്രവർത്തനരഹിതമായതിനെക്കുറിച്ച് സി-ആപ്‌റ്റിൽ അന്വേഷണമുണ്ടായിട്ടുമില്ല. തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ വാഹനങ്ങളിലെ ജി.പി.എസ്. വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക തികവോടെയാണ് കെൽട്രോൺ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. സീൽ ചെയ്ത കവറിലാണ്സൂക്ഷിച്ചിരിക്കുന്നത്. ബാറ്ററി ചാർജ് വാഹനത്തിന്റെ ബാറ്ററിയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. വാഹനത്തിൽനിന്നുളള ബന്ധം വിച്ഛേദിച്ചാലും ജി.പി.എസിലെ ബാറ്ററി ആറുമണിക്കൂറോളം പ്രവർത്തിക്കും.
ജി.പി.എസിലെ എല്ലാ വിവരങ്ങളും ക്ലൗഡ് സെർവറിലാണ് ശേഖരിക്കപ്പെടുന്നത്. ക്ലൗഡ് സെർവറിൽ നിന്ന് ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കും.. കെൽട്റോണിന്റെയും സി-ഡാക്കിന്റെയും സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |