കൊച്ചി/തിരുവനന്തപുരം: ലൈഫ് മിഷൻ ഭവനനിർമ്മാണ പദ്ധതിയിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനും കോടികൾ കോഴ കൈപ്പറ്റിയതിനും സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി. വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) 35 ാം വകുപ്പും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് കേസ്. അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കേസ് സി.ബി.ഐ ഏറ്റെടുക്കുമെന്ന് വ്യാഴാഴ്ചയും അതിന്റെ ഭാഗമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് അന്വേഷണവിവരം ശേഖരിച്ചതായി ഇന്നലെയും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമാണക്കരാർ ലഭിച്ചതിന് സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് വൻതുക കമ്മിഷൻ നൽകിയ യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. യൂണിടാക്കിന്റെ സഹോദര സ്ഥാപനമായ സേൻ വെഞ്ചേഴ്‌സും തിരിച്ചറിയാത്ത വ്യക്തികളുമാണ് മറ്റു പ്രതികൾ.
യൂണിടാക്കിന്റെ തൃശൂർ, എറണാകുളം ഓഫീസുകളിലും സന്തോഷ് ഈപ്പന്റെ ചോറ്റാനിക്കരയിലെ വസതിയിലും സി.ബി.ഐ ഇന്നലെ രാവിലെ ഏഴു മുതൽ പരിശോധന നടത്തി ഒട്ടേറെ രേഖകളും തെളിവുകളും പിടിച്ചെടുത്തു. ഇതിനു പിന്നാലെ പ്രത്യേക കോടതിയിൽ എഫ്.ഐ.ആറും സമർപ്പിച്ചു.
സംസ്ഥാനത്തെ ചില മന്ത്രിമാരുടെയും ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും മൊഴികൾ സി.ബി.ഐ രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കരാർ ഒപ്പിട്ടതിനാൽ, അദ്ദേഹത്തോട് വിവരങ്ങൾ ആരാഞ്ഞേക്കും.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ്, തദ്ദേശ സെക്രട്ടറി ടി.കെ.ജോസ് എന്നിവരും ഇടപാടിന്റെ ഭാഗമാണ്. ടി.കെ.ജോസ് ഇപ്പോൾ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറിയാണ്. ഈ നാല് ഐ.എ.എസുകാർക്ക് പുറമെ നോർക്ക സെക്രട്ടറി ഇളങ്കോവനെയും കോൺസുലേറ്റ്, ബാങ്ക് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സർക്കാരിന്റെ അഭ്യർത്ഥനയും ഉപയോഗിച്ച് യു.എ.ഇയിൽ നിന്ന് പിരിച്ചെടുത്തതിൽ 58 കോടി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ടിലൂടെ എത്തിച്ചതും അന്വേഷിക്കും. ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ 4.25 കോടി സ്വർണക്കടത്ത് കേസിലെ പ്രതികൾ കമ്മിഷനായി കൈപ്പറ്റിയെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ മാതൃകയിൽ ഭവന സമുച്ചയങ്ങൾ നിർമ്മിക്കാൻ വീണ്ടും വിദേശഫണ്ട് ലഭിക്കുമെന്നും 15 ശതമാനം കമ്മിഷൻ നൽകിയാൽ കരാർ നൽകാമെന്നും സ്വപ്ന യൂണിടാക്കിനെയും മറ്റു രണ്ടു നിർമാണ കമ്പനികളെയും അറിയിച്ചിരുന്നു.
സി.ബി.ഐക്ക് കണ്ടെത്തേണ്ടത്
ഇന്ത്യയിൽ പ്രവർത്തനാനുമതിയില്ലാത്ത റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതാരാണ്
കോടികൾ ആരാണ് സമാഹരിച്ചത്, ആർക്കൊക്കെ പണമെത്തിച്ചു
പ്രളയ പുനർനിർമ്മാണത്തിന് വിദേശത്തു നിന്ന് പിരിച്ചെടുത്ത പണമെവിടെ
കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയില്ലാതെ കരാറൊപ്പിട്ടതെങ്ങനെ
നിർമ്മാണക്കരാറുകാരനെ കോൺസൽ ജനറൽ തീരുമാനിച്ചതെങ്ങനെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |