തിരുവനന്തപുരം: ലൈഫ് പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തോടെ ,ഇതിൽ നടന്നതെല്ലാം ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും തദ്ദേശമന്ത്രിയെയും ചോദ്യം ചെയ്യുന്ന അവസ്ഥയാണുണ്ടാകാൻ പോകുന്നത്. മാന്യതയുണ്ടെങ്കിൽ ഇപ്പോഴെങ്കിലും മുഖ്യമന്ത്രി രാജി വയ്ക്കണം.
വിജിലൻസ് ചോദ്യം ചെയ്യുമോയെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, ആ പൂതി മനസിലിരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ സി.ബി.ഐ തന്നെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോകുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്.എം.ഒ.യു ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ്. 20 കോടിയുടെ പദ്ധതിയിൽ 9 കോടി കമ്മിഷനടിച്ച കേസാണിത്. ഭൂമി കൊടുത്തതല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സി.ബി.ഐ സ്വയം കേസെടുത്ത് അന്വേഷിക്കുമ്പോൾ, ഇതിലെ അഴിമതികളെല്ലാം പുറത്തുവരുമെന്നതിൽ തർക്കമില്ല. മുഖ്യമന്ത്രിയുടെ കള്ളക്കഥകൾ പൊളിയുകയാണ്. കേരളഭരണം എവിടെ നിൽക്കുന്നുവെന്ന് ജനങ്ങൾ വിലിയിരുത്തുന്നുണ്ട്. പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുക്കുന്ന പദ്ധതി ഇത്ര കോലം കെട്ടതാക്കാൻ ഇടതു സർക്കാരിനേ കഴിയൂ.
പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതിരുന്ന സുപ്രീം കോടതിയുടെ നിലപാട്, പ്രതികളായ സി.പി.എംകാരെ രക്ഷിക്കാനുള്ള സർക്കാർ നീക്കത്തിനേറ്റ പ്രഹരമാണെന്ന് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |