തിരുവനന്തപുരം: ഞങ്ങളുടെ കേരള കോൺഗ്രസ് യു.ഡി.എഫിൽ പണ്ടത്തെക്കാൾ വലിയ ശക്തിയായി മാറുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഞങ്ങൾ മുന്നോട്ട് നീങ്ങുന്നത്. എല്ലാ വിഷയങ്ങളിലും ഞങ്ങൾ അപ്പപ്പോൾ പ്രതികരിച്ച് കൊണ്ടിരിക്കുകയാണ്. കർഷക ബില്ലിനെതിരെ ആദ്യം പ്രതികരിച്ച പാർട്ടി കേരള കോൺഗ്രസാണ്. 14 ജില്ലകളിലും ഞങ്ങൾ സമരം നടത്തി. തൊഴിലില്ലായ്‌മ പ്രശ്‌നങ്ങൾ അടക്കമുളള എല്ലാ വിഷയങ്ങളും പരിഹരിക്കുന്നതിനുളള നടപടികളുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. കൂടുതൽ പ്രവർത്തകരേയും നേതാക്കളേയും ആകർഷിക്കാൻ ഞങ്ങൾക്ക് കഴിയും. പി.ജെ ജോസഫ് 'ഫ്ളാഷി'നോട്..
ഉപാധികൾ ഇല്ലാതെ വരട്ടെ
ഇനിയും കൂടുതൽ നേതാക്കൾ ഞങ്ങളുടെ പാർട്ടിയിലേക്ക് വരാൻ സാദ്ധ്യതയുണ്ട്. ജോസ്.കെ മാണിക്ക് ഒപ്പമുള്ളവർ അധികകാലം അവിടെ നിൽക്കുമെന്ന് തോന്നുന്നില്ല. ജോസ്.കെ മാണിക്ക് ഒപ്പമുളള രണ്ട് എം.എൽ.എമാർക്കും അവരുടെ നിയോജക മണ്ഡലങ്ങളിൽ ജനപ്രീതി നഷ്‌ടപ്പെടുകയാണ്. ഉപാധികളൊന്നുമില്ലാതെ വന്നാൽ രണ്ട് എം.എൽ.എമാരേയും ഞങ്ങളുടെ പാർട്ടിയിലേക്ക് സ്വീകരിക്കും.
ജോസ് വട്ടപ്പൂജ്യമാകും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ജയസാദ്ധ്യതയുളള സ്ഥാനാർത്ഥികളെ കണ്ടുപിടിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. നിയമസഭാ സീറ്റ് ചർച്ചകൾക്കുളള സമയമായിട്ടില്ല. കിട്ടുന്ന സീറ്റുകളിൽ ഒരു സീറ്റിൽ പോലും ജോസ് വിഭാഗം വിജയിക്കില്ല. അവർ വട്ടപ്പൂജ്യമാകും. ഞങ്ങളുടെ കടുത്തുരുത്തി സീറ്റാണ് അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, കുറഞ്ഞത് മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മോൻസ് ജോസഫ് അവിടെ വിജയിക്കും. എൻ.സി.പിയിലെ മാണി.സി കാപ്പൻ സിറ്റിംഗ് സീറ്റായ പാലാ വിട്ടുകൊടുക്കാതിരിക്കാനാണ് സാദ്ധ്യത കൂടുതൽ.
അന്നും ഇന്നും മാറ്റമില്ല
ബാർ കോഴ നടന്നിട്ടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. അത് ഉണ്ടെന്ന് പറഞ്ഞ് നിയമസഭയിൽ കെ.എം മാണിയെ തടഞ്ഞത് എൽ.ഡി.എഫാണ്. സ്‌പീക്കറുടെ ഡയസിൽ കയറി കസേര വരെ മറിച്ചിട്ടത് അവരാണ്. അന്ന് ബഡ്‌ജറ്റ് അവതരിപ്പിക്കാൻ പോലും സമ്മതിക്കാതിരുന്ന മുന്നണിയാണ് എൽ.ഡി.എഫ്. നിയമസഭയിൽ കാണിച്ചതും ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നിയമസഭ വളഞ്ഞതുമൊക്കെ നടന്ന കാര്യങ്ങളാണ്. ബാർ കോഴ നടന്നിട്ടില്ലെന്ന യു.ഡി.എഫ് നിലപാടിൽ അന്നും ഇന്നും മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |