കല്ലമ്പലം: ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള മാതൃകാ അങ്കണവാടിക്കും ബഡ്സ് സ്കൂളിനുമായി സ്വകാര്യ വ്യക്തികളിൽ നിന്നു 17 സെന്റ് ഭൂമി ലഭ്യമാക്കി വാർഡ് അംഗം പോരാട്ടം തുടങ്ങിയിട്ടും പദ്ധതി യാഥാർത്ഥ്യമായില്ല.
രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ രണ്ടു പദ്ധതികളും നഷ്ടമാകാനാണ് സാദ്ധ്യത. മണമ്പൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ മാവിള വിജയനാണ് നാടിന്റെ വികസനത്തിനായി പ്രവർത്തിച്ചിട്ടും തടസങ്ങൾ കാരണം പൂർത്തീകരിക്കാനാവാത്ത വികസന പദ്ധതിയെക്കുറിച്ചോർത്ത് വിലപിക്കുന്നത്. വാടകക്കെട്ടിടത്തിൽ 2005ൽ പ്രവർത്തനം തുടങ്ങിയതാണ് പുലിക്കുന്ന്‍ അങ്കണവാടി. 70 വർഷം പഴക്കമുള്ള ബലഹീനമായ കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗവും പട്ടികജാതി കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. ഗർഭിണികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും 6 മാസം പിന്നിട്ട കുട്ടികൾക്കും പോഷക ഭക്ഷ്യധാന്യ വിതരണം, ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനുള്ള ജാഗ്രതാ സമിതിയുടെ പ്രവർത്തനം. സർക്കാർ ആവശ്യപ്പെടുന്ന വിവര ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്റെ പരിധിയിലുള്ളത്.
2015 ൽ പുതിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ വാർഡ് അംഗത്തിന്റെ ശ്രമഫലമായി 4 ലക്ഷത്തിന്റെ ഫ്ലാൻ ഫണ്ട് അനുവദിച്ചു. സ്ഥലത്തിന്റെ പേരിലുള്ള എതിർപ്പുകളിൽ പദ്ധതി പാളി. 2018ൽ സ്വകാര്യ വ്യക്തികളിൽ നിന്ന് 17 സെന്റ് അങ്കണവാടിക്കും ബഡ്സ് സ്കൂളിനുമായി വാർഡ് അംഗത്തിന്റെ ഇടപെടലിലൂടെ പഞ്ചായത്തിന് ലഭിച്ചു. തുടർന്ന് എം.എൽ.എയെയും എം.പിയെയും സമീപിച്ചു. ഫണ്ട് നൽകാമെന്ന് വാഗ്ദാനം കിട്ടിയെങ്കിലും നടക്കാത്തതിനാൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ഒന്നാം ഘട്ടത്തിനായി അനുവദിച്ചു. തുക മതിയാവാത്തതിനാൽ പണി തുടങ്ങാനായില്ല. അങ്കണവാടി നിർമ്മിക്കാൻ 20 ലക്ഷമെങ്കിലും വേണം. ബഡ്സ് സ്കൂളിന് വേറെയും. എം.എൽ.എയോ എം.പിയോ വിചാരിച്ചാൽ ഇത് നടക്കുമെങ്കിലും രാഷ്ട്രീയ വിവേചനം മാറാതെ വികസനം സാദ്ധ്യമാകില്ലെന്നാണ് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കൂടിയായ മാവിള വിജയൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |