ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രിയായി നിയമിതനായ യോഷിഹിഡെ സുഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണിത്. പരസ്‌പരവിശ്വാസത്തെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹം രണ്ടു പ്രധാനമന്ത്രിമാരും പ്രകടിപ്പിച്ചു.
കൊവിഡിന് ശേഷം സ്ഥിതി മെച്ചപ്പെടുമ്പോൾ വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരണം. കൊവിഡ് ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികൾ കണക്കിലെടുക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ പ്രസക്തമാണെന്ന് മോദി പറഞ്ഞു.
യു.എസ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയോടെ 5ജി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾക്കായി പരസ്പരം സഹകരിക്കാനും അവയുടെ വികസനത്തിനായി പ്രവർത്തിക്കാനും ഇന്ത്യയും ജപ്പാനും ധാരണയായിട്ടുണ്ട്. ഇതിനായി ഇസ്രയേലിന്റെ സഹകരണവും തേടും. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇന്ത്യയുടെ 5ജി നയത്തിന് അന്തിമ രൂപം നൽകുമെന്നും ഇന്ത്യ - ജപ്പാൻ സഹകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അടുത്തിടെയാണ് പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യയും ജപ്പാനും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |