കൊച്ചി : ദേശീയ ഒാപ്പൺ സ്കൂൾ സംവിധാനത്തിലൂടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ യോഗ്യത നേടിയവർക്ക് എൽ എൽ.ബി പഠനത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒാപ്പൺസ്കൂളിൽനിന്ന് യോഗ്യത നേടിയവർക്ക് പൂത്തോട്ടയിലെ ശ്രീനാരായണ ലാ കോളേജിലെ ഇന്റഗ്രേറ്റഡ് കോഴ്സുകളായ ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി കോഴ്സുകളിൽ പ്രവേശനം നിഷേധിച്ചതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ആദ്യവർഷം റഗുലർ ക്ളാസിൽ പഠിച്ച ഹർജിക്കാർ പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാപ്പൺ സ്കൂളിൽനിന്നാണ് ഹയർ സെക്കൻഡറി യോഗ്യത നേടിയത്. ഒരു വർഷത്തെ പഠനംകൊണ്ട് നേടിയ ഹയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എൽ എൽ. ബി ക്ക് അഡ്മിഷൻ നൽകാനാവില്ലെന്നായിരുന്നു കോളേജിന്റെ നിലപാട്. എന്നാൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം റെഗുലറായിരിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഒാപ്പൺ സ്കൂളിലാണെന്നതു അയോഗ്യതയായി കാണേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |